ഗുസ്തി താരങ്ങളോട് നീതി പുലര്‍ത്തിയോ?;രാജ്യം ഭരിക്കുന്നവരുടെ ലക്ഷ്യം വനിതാസംവരണമല്ല, ഏകാധിപത്യം: എ എന്‍ ഷംസീര്‍

12 വര്‍ഷമായി ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും സ്പീക്കര്‍

തിരുവനന്തപുരം: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയെ ഗൗരവമായല്ല കാണുന്നതെന്ന് ഷംസീര്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷമായി ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഗുസ്തി താരങ്ങളോട് നീതി പുലര്‍ത്തിയോ?. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ ഹംഗറിക്ക് സമാനമായി ജനങ്ങള്‍ എതിര്‍ക്കും. ലക്ഷ്യം വനിതാ സംവരണമല്ല. ഏകാധിപത്യമാണ് ലക്ഷ്യം. അതിനെ ജനാധിപത്യം കൊണ്ട് ജനങ്ങള്‍ തോല്‍പ്പിച്ചു', എ എന്‍ ഷംസീര്‍ പ്രതികരിച്ചു.

ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിത സംവരണ ഭേദഗതി ബില്‍ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാവുകയുള്ളു. ലോക്സഭാംഗങ്ങളില്‍ 489 പേര്‍ വോട്ട് ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.

ലോക്സഭയിലെ 537 അംഗങ്ങളില്‍ 360പേര്‍ അനുകൂലമായി വോട്ടു ചെയ്താലാണ് ഭേദഗതി പാസാവുക. ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 അംഗങ്ങളാണുള്ളത്. 67 സീറ്റുകളുടെ കുറവാണ് എന്‍ഡിഎയ്ക്കുള്ളത്. രാജ്യസഭയില്‍ 142ല്‍ അധികം സീറ്റുള്ള എന്‍ഡിഎയ്ക്ക് 21 സീറ്റുകളുടെ കുറവാണ് ബില്‍ പാസാക്കാനുള്ളത്.

Content Highlights: Speaker A N Shamseer against central government on Women’s Reservation Amendment Bill

To advertise here,contact us