PVഅൻവർ ഫ്രോഡ്, രാഷ്ട്രീയ സ്ഥിരതയില്ലാത്ത ആൾ,G സുധാകരൻ അടക്കം പാർട്ടിക്ക് പിന്തുണ നൽകിയെന്ന് കത്ത് അയച്ചു:TMC

യു പ്രതിഭ, കെ കെ രമ തുടങ്ങിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് പറഞ്ഞ് അന്‍വര്‍ അയച്ച കത്താണ് പുറത്ത് വിട്ടിരിക്കുന്നത്

ന്യൂഡല്‍ഹി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വറിനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. പി വി അന്‍വര്‍ രാഷ്ട്രീയ സ്ഥിരതയില്ലാത്ത ആളാണെന്ന് അദ്ദേഹം ആരോപിച്ചു. അന്‍വര്‍ നേതൃത്വത്തിന് അയച്ച കത്തും പുറത്തുവിട്ടു. നിരവധി നേതാക്കള്‍ ടിഎംസിയില്‍ എത്തുമെന്ന് പറഞ്ഞ കത്താണ് നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.

'അന്‍വര്‍ ജയിക്കില്ല. അദ്ദേഹത്തിന് രാഷ്ട്രീയ സ്ഥിരതയില്ല. ഇന്ന് പറയുന്നത് അല്ല, നാളെ പറയുന്നത്. അങ്ങനൊരു ഫ്രോഡ് ആണ് പി വി അന്‍വര്‍. ഇയാളൊരു ഫ്രോഡ് ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് മനസിലായി. ഇയാളെ വെച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്ന് മനസിലായി. അതുകൊണ്ട് പിന്തുണ നിര്‍ത്തിവെച്ചു', അദ്ദേഹം പറഞ്ഞു.

യു പ്രതിഭ, കെ കെ രമ, കോവൂര്‍ കുഞ്ഞുമോന്‍, കെ പി മോഹനന്‍, തോമസ് കെ തോമസ് തുടങ്ങിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് അൻവർ കത്തിൽ പറയുന്നുണ്ട്. ജി സുധാകരന്‍, ഷൈന്‍ ടീച്ചര്‍, കാരാട്ട് റസാഖ്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭന്‍, ജോസ് കെ ബേബി, ഹുസൈന്‍ രണ്ടത്താണി, രാജേന്ദ്രന്‍ ഇടുക്കി, സി ദിവാകരന്‍, എ അസീസ്, ഷിബു ബേബി ജോണ്‍, തോമസ് ചാഴിക്കാടന്‍, കെ കെ ഷാജു, സുരേഷ് കുറുപ്പ്, മുഹമ്മദ് ഇഖ്ബാല്‍, പി സി തോമസ്, സഭാ വേങ്ങര, റോസക്കുട്ടി ടീച്ചര്‍, അഡ്വ. റഷീദലി, ഉമേഷ് ചാലിയില്‍, എം പി ഫൈസല്‍, ഐ എം വിജയന്‍ തുടങ്ങിയ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ കത്തില്‍ പറയുന്നുണ്ട്.

ഇന്ന് എറണാകുളത്ത് ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി പി വി അന്‍വര്‍ അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതായി പി വി അന്‍വര്‍ അറിയിച്ചു.

കോണ്‍ഗ്രസുമായി ഐക്യപ്പെടുന്ന ഏത് രാഷ്ട്രീയ നീക്കത്തേയും പിന്തുണക്കാന്‍ പ്രയാസമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ബോധ്യപ്പെടുത്തിയതായി പി വി അന്‍വര്‍ പ്രതികരിച്ചിരുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതെ ആരെ പിന്തുണയ്ക്കും എന്ന ചോദ്യം നില്‍ക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു പി വി അന്‍വര്‍ വിശദീകരിച്ചിരുന്നു.

Content Highlights: Trinamool Congress national leadership against P V Anvar

To advertise here,contact us