കോഴിക്കോട്: ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നതായി യുഡിഎഫിന്റെ പരാതി. ജീവനക്കാര്‍ സ്ട്രോങ് റൂമില്‍ കയറുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. സ്ഥലത്ത് യുഡിഎഫ് നേതാക്കള്‍ തമ്പടിച്ചിരിക്കുകയാണ്. പൊലീസ് സുരക്ഷയിലാണ് ജീവനക്കാര്‍ അകത്തുകയറിയത്. എന്നാല്‍ ജീവനക്കാര്‍ പ്രവേശിച്ചതില്‍ പിഴവ് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
സംഭവത്തിൽ പ്രതികരിച്ച് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ രംഗത്തെത്തി. രാവിലെ എട്ട് മണിക്ക് റിട്ടേണിംഗ് ഓഫീസര്‍ ഫോണില്‍ വിളിച്ച് ഒന്‍പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. കാരണം രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടു. 11 മണി ആയപ്പോള്‍ താന്‍ പ്രതിനിധിയെ അയച്ചു. തൊട്ടു പിന്നാലെ റൂം തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള റിട്ടേണിംഗ് ഓഫീസറുടെ മെയില്‍ ലഭിച്ചു. താന്‍ എത്തിയപ്പോഴേക്കും റൂം തുറന്നിരുന്നുവെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.
എന്നാല്‍ കോണ്‍ഗ്രസ് ആരോപണം തള്ളി പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റ് മാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നുമാണ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചത്.
Content Highlights: strong room is opened in Kozhikode jdt alleges Congress