ജി സുധാകരന് വിവിധ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ട്; അക്കാര്യത്തിൽ മറുപടി വന്നശേഷം കൂടുതൽ വെളിപ്പെടുത്താം: DYFI

നാമനിര്‍ദേശ പത്രിക സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് സുധാകരന്‍ മറുപടി പറയട്ടെയെന്ന് DYFI

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ആവര്‍ത്തിച്ച് ഡിവൈഎഫ്‌ഐ. ഇതുസംബന്ധിച്ച വിവരങ്ങള്‍ കിട്ടിയെന്നും ഇപ്പോള്‍ തുറന്നുപറയുന്നില്ലെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് സുധാകരന്‍ മറുപടി പറയട്ടെ. എന്നിട്ട് ഇനിയും കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു.

ജി സുധാകരന് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട്. അതിന്റെ വിവരങ്ങള്‍ കൂടി പുറത്തുവരട്ടെ. ഒരു ബാങ്കിലെ വിവരം മാത്രമാണ് ഇപ്പോള്‍ പറയുന്നത്. ജി സുധാകരന്റെ മകന്റെയും മരുമകളുടെയും സ്വത്തുവിവരങ്ങള്‍ പുറത്തുവരട്ടെ. ജി സുധാകരന്‍ നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എസ് സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസവും സമാന ആരോപണം ഉയര്‍ത്തി ഡിവൈഎഫ്‌ഐ രംഗത്തുവന്നിരുന്നു. ജി സുധാകരന്‍ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും 50ലക്ഷം മാറ്റിയത് നോമിനേഷനില്‍ പണം കുറച്ച് കാണിക്കാന്‍ അല്ലേയെന്ന് സുരേഷ് കുമാര്‍ ചോദിച്ചിരുന്നു.

എന്നാല്‍ തന്റെ സ്വത്തിനെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കാമെന്നും ഒപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്റേയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എച്ച് സലാമിന്റേയും സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ജി സുധാകരന്റെ നിലപാട്.

Content Highlights: DYFI reiterates allegations that G Sudhakaran has illegally acquired wealth

To advertise here,contact us