വാല്‍പ്പാറ അപകടം; അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതാക്കള്‍

തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോയമ്പത്തൂര്‍ കളക്ടറും എസ്പിയുമായി നിരന്തരം സമ്പര്‍ക്കം നടത്തുന്നുണ്ടെന്നും ശിവന്‍കുട്ടി അറിയിച്ചു

തിരുവനന്തപുരം: പൊള്ളാച്ചി വാല്‍പ്പാറയില്‍ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരടക്കം അനുശോചിച്ചത്.

വാല്‍പ്പാറ അപകടം വേദനാജനകം, മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് വി ഡി സതീശന്‍ എഫ് ബിയില്‍ കുറിച്ചത്. അപകടം ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോയമ്പത്തൂര്‍ കളക്ടറും എസ്പിയുമായി നിരന്തരം സമ്പര്‍ക്കം നടത്തുന്നുണ്ടെന്നും ശിവന്‍കുട്ടി അറിയിച്ചു.

കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലാണെന്നുമാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാരുമായി സംസാരിച്ച് തുടര്‍നടപടികള്‍ക്കായി വേണ്ട ഇടപെടല്‍ നടത്തുമെന്ന് അപകടത്തില്‍ അനുശോചനം അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു.

ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്ക്ക് പോയത്. വൈകിട്ട് 5.30 ഓടെയാണ് അപകടം നടന്നത്.



പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത(54), അധ്യാപകരും പാങ് സ്വദേശികളുമായ റംല(52), സുഹറ(43), ആശ (41), മജീദ്(43), ഭാര്യ റുഖിയ(39), ആയ സജിത(45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്.



ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സജിതയുടെ മകൻ ഷഹദിന്‍(11), സ്കൂൾ ഡ്രൈവർ നൗഷാദ്(39), ട്രാവലർ ഡ്രൈവറായ മുഹമ്മദ് ഫാസിത്ത് (21) എന്നിവരാണ് കോയമ്പത്തൂരിൽ ചികിത്സയിലുള്ളത്. 10 വയസുള്ള മസ്നീൻ എന്ന പെൺകുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlights: Leaders across Kerala, including Opposition Leader V. D. Satheesan, expressed deep condolences over the Valparai accident

To advertise here,contact us