വിഴിഞ്ഞം കൊല: ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്ന് FIR; മർദന ദൃശ്യം പകർത്തിയത് സുമൻ്റെ സുഹൃത്ത്

സുമന്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. ബൈക്ക് പൊലീസ് വാഹനം കൊണ്ട് ഇടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സഹോദരങ്ങളായ അച്ചുവിനെയും അനന്തുവിനെയും പൊലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട സുമന്റെ സുഹൃത്താണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. കൊലയ്ക്ക് ശേഷം ഈ സുഹൃത്ത് വാഹനമെടുത്ത് പോയി. പ്രതികള്‍ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു.

സുമനെ അടിച്ച് റോഡില്‍ തള്ളിയിട്ട് നെഞ്ചിലും മുഖത്തും ഇടിച്ചും കഴുത്തിലും നെഞ്ചിലും പല പ്രാവശ്യം ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞത്തെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സഹോദരങ്ങള്‍ സുമനെ കൊലപ്പെടുത്തിയത്. ബാറില്‍ വെച്ച് അച്ചുവും അനന്തുവും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായിരുന്നു.

ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ വാക്കുതര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചും ഇവര്‍ സുമനെ മര്‍ദിച്ചു. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം.

Content Highlights: Vizhinjam murder FIR reports that the accused attacked Suman with the intention of killing him

To advertise here,contact us