നിതിൻ മരിച്ചിട്ട് നാല് ദിവസം, മാനേജ്‌മെൻ്റ് ഞങ്ങളെ കാണാൻ പോലും തയ്യാറായിട്ടില്ല, സമരം തുടരും: വിദ്യാർത്ഥികൾ

'ഡോ. എം കെ റാമിനെ പുറത്താക്കണമെന്നത് ഞങ്ങൾ വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ ഒന്നാണ്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ ഹൗസ് സർജൻസി അടക്കം ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് ഞങ്ങൾ തുടരും'

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റാരോപിതനായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് ആവർത്തിച്ച് വിദ്യാർത്ഥികൾ. മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ഇതുവരെയും മാനേജ്‌മെന്റ് പ്രതിനിധികൾ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

'നിതിൻ രാജിന്റെ മരണം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും മാനേജ്‌മെന്റ് ഞങ്ങളുമായി ഗൗരവകരമായ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവർ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഒരു ചർച്ചയ്ക്ക് എന്ന പേരിൽ അയച്ചതും തീരുമാനമെടുക്കാൻ കഴിയാത്തയാളെയാണ്. കറുത്ത നിറമുള്ള റാം സാർ എങ്ങനെ നിറത്തിന്റെ പേരിൽ നിതിനെ അധിക്ഷേപിക്കും എന്നാണ് ഈ സാർ ചോദിക്കുന്നത്. അങ്ങനെയുള്ളവരുമായി സംസാരിച്ചിട്ട് കാര്യമില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുന്ന മാനേജ്‌മെന്റ് പ്രതിനിധിയുമായോ അല്ലെങ്കിൽ എംഡിയായ ഡോ. അദ്‌നാനുമായോ ഇന്ന് തന്നെ ചർച്ച നടത്താൻ കഴിയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. മൂന്ന് മണിക്ക് മുൻപ്. ഡോ. എം കെ റാമിനെ പുറത്താക്കണമെന്നത് വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ ഒന്നാണ്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ ഹൗസ് സർജൻസി അടക്കം ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

ഡോ. എം കെ റാമിനെതിരെ ഒരു വർഷം മുൻപാണ് പരാതി നൽകിയത്. നിരവധി വിദ്യാർത്ഥികൾ ഈ അധ്യാപകനെതിരെ വാക്കാൽ പരാതികൾ പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇപ്പോൾ രേഖാമൂലം ശേഖരിച്ചുവരികയാണ്. മറ്റ് അധ്യാപകർക്കെതിരെയും പരാതികളുണ്ട്,' വിദ്യാർത്ഥികൾ പറഞ്ഞു.

ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. അവസാനമായി നിധിനെ ഫോണിൽ ബന്ധപ്പെടുമ്പോഴും അത്തരത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ലെന്നും ഗുരുതരമായ ജാതി അധിക്ഷേപത്തിന് മകൻ ഇരയായെന്നും കുടുംബം പറയുന്നു.

വകുപ്പ് മേധാവി ഡോ. എം കെ റാം ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരിൽ നിതിൻ രാജിനെ നിരന്തരം അധിക്ഷേപിക്കുമായിരുന്നു. ഇതേ കുറിച്ച് നിതിൻ സുഹൃത്തിനോടും കുടുംബാംഗങ്ങളോടും പല തവണ പറഞ്ഞിട്ടുണ്ട്. നിതിൻ സുഹൃത്തിന് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഡോ. എം കെ റാം, അസോ. പ്രൊഫസർ സംഗീത എന്നിവരെ നിലവിൽ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഒളിവിലാണ്.

നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് അധ്യാപകർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിതിന്റെ മരണത്തിൽ ലോൺ ആപ്പുകൾക്ക് പങ്കുണ്ടോ എന്നും ഒരു അധ്യാപികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights: Nithin Raj Death: protesting students demands that the managment should meet them take firm decisions on their demands and expell Dr. M K Ram within today

To advertise here,contact us