തിരുവനന്തപുരം: ജീവനൊടുക്കിയ ബിഡിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎം വീട് വെച്ചുനല്‍കുമെന്ന് എഎ റഹീം എംപി. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വീടിന് തറക്കല്ലിടുമെന്നും എ എ റഹീം അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വീട് നിര്‍മ്മിക്കാന്‍ തീരുമാനമായത്.
മിന്നല്‍ വേഗതയില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും റഹീം പറഞ്ഞു. നിതിന്റെ കുടുംബത്തിന് വീട് വെച്ചുനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് 'പ്രഖ്യാപിച്ചതിന്റെ പലദുരനുഭവങ്ങളും നമ്മുടെ നാട്ടിലുണ്ടല്ലോ. വീട് വെച്ചുനല്കുമെന്ന ഞങ്ങളുടെ തീരുമാനം സംബന്ധിച്ച് നിതിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അവിടെ തന്നെ വീട് വെച്ചുനല്‍കാനാണ് കുടുംബം നിര്‍ദേശിച്ചത്' എന്നാണ് എ എ റഹീമിന്റെ മറുപടി.
നിതിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പാര്‍ട്ടി കൊടുത്ത വാക്ക് ആണെന്നും എല്ലാഘട്ടത്തിലും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും റഹീം പറഞ്ഞു.
നിതിന്റെ മരണത്തില്‍ കോളേജ് മാനേജ്മെന്റിന് പൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. എച്ച്ഒഡി റാമിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. മാനേജ്മെന്റ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഇന്റേണല്‍ മാര്‍ക്ക് സംവിധാനത്തില്‍ മാറ്റം വരണം. ഒരു അധ്യാപകന് മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ലയെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
വിദ്യാര്‍ത്ഥി സംഘടനകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നിടത്ത് ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നില്ല. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങളില്‍ ബോധ്യപ്പെടും. നിതിന്റെ വീട്ടില്‍ വരാത്തതില്‍ മാനേജ്മെന്റ് മറുപടി പറയണം. മാനേജ്മെന്റിന്റേത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: CPIM will provide a house for Nitin Raj family said aa rahim