തിരുവനന്തപുരം: എൽഡിഎഫിൻ്റെ ഭരണം തുടർച്ച ഉറപ്പെന്ന് സംസ്ഥാന ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വിജിലൻസ് ചൂണ്ടിക്കാണിക്കുന്നത്. എൽഡിഎഫിന് 74-75 സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് ഇൻ്റലിജൻസ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. എൽഡിഎഫിന് ഉറച്ച 67 സീറ്റും യുഡിഎഫിന് ഉറച്ച 45 സീറ്റുമാണ് ഉള്ളതെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ബിജെപിക്ക് മഞ്ചേശ്വരം, പാലക്കാട്, നേമം സീറ്റുകളിൽ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
24 മണ്ഡലങ്ങളിൽ കടുത്ത പേരാട്ടമാണ് നടക്കുന്നതെന്നും ഇൻ്റലിജൻസ് റിപ്പോർട്ടിലുണ്ട്. കടുത്ത മത്സരം നടക്കുന്ന 24 സീറ്റുകളിൽ 12 എണ്ണം എൽഡിഎഫിനും 10 എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും അനുകൂലമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മന്ത്രിമാർ ഉൾപ്പെടെ കടുത്ത മത്സരം നേരിട്ടുവെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ വിജയിക്കുമെങ്കിലും ഭൂരിപക്ഷം 2000ത്തിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ട്. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിൻ്റെ ലീഡ് 1000ത്തിൽ താഴെ ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
കണ്ണൂരിലെ പല മണ്ഡലങ്ങളിലും എൽഡിഎഫിന് ഭൂരിപക്ഷം കുറയുമെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിലുള്ളത്. പാലക്കാട് ജില്ലയിൽ നിന്നാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുക എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ എട്ട് വീതം എൽഡിഎഫിന് സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
100 സീറ്റിലധികം നേടി അധികാരത്തിൽ എത്തുമെന്നാണ് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർ വിജയ പ്രതീക്ഷ പങ്കുവെച്ചിരുന്നു. 85 സീറ്റുകളിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് മുസ്ലിം ലീഗിൻ്റെ വിലയിരുത്തൽ.
Content Highlights: According to a Kerala State Intelligence report submitted to Chief Minister Pinarayi Vijayan, the ruling LDF is set for a third consecutive term in the 2026 Kerala Assembly Elections, likely winning 74-75 seats. The report indicates strong prospects for government continuity amid the high-stakes polls.