കോട്ടയം: ദീപിക പത്രത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നും ഷോൺ ജോർജ് റിപ്പോർട്ടറിനോട് പറഞ്ഞു. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും സഭാ പിതാക്കന്മാരോട് താൻ പരാതി അറിയിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.
സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത് എന്നും ഷോൺ ജോർജ് പറഞ്ഞു. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കരുത്. നിക്ഷേപകർ എഡിറ്റോറിയൽ പോളിസിയിൽ ഇടപെടുന്നുണ്ടോ എന്നറിയാൻ സഭയുടെ മക്കളായ ഞങ്ങൾക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകൾ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാൽ ദീപികയിൽ വരുന്നത് കോൺഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടി ചിലർ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
എഫ്സിആർഎയിൽ സഭയുടെ ആശങ്കകൾ ബിജെപി കേട്ടുവെന്നും ഷോൺ ജോർജ് പറഞ്ഞു. അതുകൊണ്ടാണ് ബിൽ മാറ്റിവെച്ചത്. ദേശീയ സുരക്ഷയെ ബാധിച്ച വിഷയത്തിലാണ് എഫ്സിആർഎ ബിൽ കൊണ്ടുവന്നത്. അത് ഒരു മതത്തിന്റെ കാര്യമല്ല. നിയമഭേദഗതിയുടെ പേരിൽ നടത്തുന്ന പ്രചാരണങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
ദീപിക പത്രത്തിന്റെ ഫ്രണ്ട് പേജ് അമിത് ഷാ കണ്ടാൽ എന്തെങ്കിലും ആവശ്യവുമായി ഇനി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാൻ പറ്റുമോ എന്നും ഷോൺ ജോർജ് ചോദിച്ചു. ഇലക്ഷൻ സമയത്ത് ഈ പരിപാടി കാണിച്ചാൽ ഞങ്ങൾ എന്താണ് പാർട്ടിയിൽ പറയേണ്ടത്. ബിജെപിക്ക് വോട്ട് ചെയ്യേണ്ട എന്ന് പച്ചയ്ക്കാണ് എഴുതിവെച്ചത്. ദീപികയ്ക്ക് പണത്തിന്റെ പ്രശ്നമാണ് ഉള്ളതെങ്കിൽ പാലാക്കാർ പിരിച്ചുകൊടുക്കാമെന്നും ഷോൺ ജോർജ് പറഞ്ഞു.
Content Highlights: BJP leader Shone George alleges Deepika newspaper distorts news for investors and engages in political agendas, raising media credibility concerns.