വയനാട്: താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ നിർദേശിച്ചുവെന്ന ആരോപണവുമായി യുഡിഎഫ്. വയനാട് മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂർ 199ാം ബൂത്തിലാണ് സംഭവം. വോട്ടിങ് മെഷീൻ ഓപ്പറേറ്റ് ചെയ്തിരുന്ന തേർഡ് പോളിങ് ഓഫീസിനെതിരെയാണ് യുഡിഫ് പരാതി നൽകിയിരിക്കുന്നത്.
ജയലക്ഷ്മിയെന്ന പോളിങ് ഓഫീസർ നാല് വോട്ടർമാരോട് താമരയ്ക്ക് വോട്ട് ചെയ്യണമെന്ന് ആംഗ്യഭാഷയിലും നേരിട്ടും പറഞ്ഞുവെന്നാണ് ആരോപണം. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലാണ് 199ാം ബൂത്ത് സജ്ജീകരിച്ചിരുന്നത്. വോട്ടു ചെയ്യാനെത്തിയ ആളുകളാണ് ആദ്യം പരാതി ഉയർത്തിയത്. തുടർന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി കൺവീനറായ പ്രദീപ് മാസ്റ്റർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് രാവിലെ ഏഴ് മണിയോടെയാണ് ആരംഭിച്ചത്. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് 3 മണി വരെ 62.71 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്.
അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര് പുരുഷന്മാരും 1,39,21,868 പേര് സ്ത്രീകളുമാണ്. 273 പേര് ട്രാൻസ്ജെൻഡർ വ്യക്തികളുമാണ്.
Content Highlights: Allegation surfaces from Mananthavady in Wayanad, during polling Polling officer accused of directing voters to choose Lotus symbol (BJP)