കേരളം വിധിയെഴുതി; ഇതുവരെയുള്ള കണക്കനുസരിച്ച് പോളിങ് 78.27 ശതമാനം; ഫലമറിയാന്‍ ഇനി 25 നാളുകള്‍

2021 ല്‍ ഇത് 75.75 ശതമാനമായിരുന്നു പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 78.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. 2021നെ അപേക്ഷിച്ച് പോളിങ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2021 ല്‍ ഇത് 75.75 ശതമാനമായിരുന്നു പോളിങ്. എസ്‌ഐആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാകാം. ഫലമറിയാന്‍ ഇനി 25 നാള്‍ കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍.

രാവിലെ ഏഴ് മണിയോടെയായിരുന്നു പോളിങ് ആരംഭിച്ചത്. കടുത്ത ചൂടിനെ മറികടന്ന് ജനം പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. പ്രമുഖ നേതാക്കന്മാരെല്ലാം രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, ആസിഫ് അലി, ലുക്ക്മാന്‍ അവറാന്‍, സലിം കുമാര്‍, മമിത ബൈജു, മീനാക്ഷി തുടങ്ങിയവരും വോട്ട് ചെയ്യാനെത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും കേരളത്തില്‍ നടക്കുന്ന വികസന പദ്ധതികള്‍ തുടരുന്ന തരത്തിലുള്ള ജനവിധിയായിരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. ദേശീയ സര്‍വ്വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചുവെന്നും സതീശന്‍ പറഞ്ഞിരുന്നു.

വോട്ടെടുപ്പ് ദിനത്തിലും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒറ്റപ്പാലത്ത് നാലിടത്ത് കള്ളവോട്ട് നടന്നുവെന്ന പരാതി ഉയര്‍ന്നു. മാനന്തവാടിയില്‍ വോട്ട് ചെയ്‌തെത്തിയവരുടെ വിരലിലെ മഷി അടയാളം മാഞ്ഞുപോയെന്നായിരുന്നു പരാതി. പേരാവൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയതായി ആരോപണം ഉയര്‍ന്നു. അതിനിടെ വിരലില്‍ മുറിവുമായെത്തിയ യുവതിയെ പ്രിസൈഡിങ് ഓഫീസര്‍ തടഞ്ഞത് വിവാദമായി. തൃശ്ശൂരിലെ 205-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം നടന്നത്. അക്ഷയ എന്ന യുവതിക്കായിരുന്നു ദുരനുഭവം. കൈയിലെ കെട്ടഴിക്കാതെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ അക്ഷയക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ സാധിച്ചത് വൈകിട്ട് 6 മണിക്കാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

Content Highlights- Kerala recorded a voter turnout of 78.27 percent in the assembly elections based on current estimates. The polling concluded successfully across the state

To advertise here,contact us