'ധർമ്മടത്ത് 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ UDF ജയിക്കും, പിണറായി ഏറ്റവും മോശം MLA എന്ന് തെളിയിക്കാം'

തന്റെ ഒപ്പം ഒരു അഞ്ച് മിനുട്ട് സംവാദത്തിന് ഇരിക്കാനും മുഖ്യമന്ത്രിയോട് അബ്ദുൾ റഷീദ് ആവശ്യപ്പെട്ടു

കണ്ണൂർ: ധർമ്മടത്ത് 15,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദ്. ശക്തിയേറിയ മത്സരവും ചെറിയ ലീഡുമാണ് ആദ്യം താൻ പ്രതീക്ഷിച്ചത്. എന്നാൽ ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നടക്കം വലിയ സ്വീകരണമാണ് ലഭിച്ചത് എന്നും അബ്ദുൾ റഷീദ് റിപ്പോർട്ടറിനോട് പറഞ്ഞു.

സ്വന്തം മണ്ഡലമായിട്ടും ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിക്ക് ഒന്നും പൂർത്തീകരിക്കാനായിട്ടില്ല എന്നും അബ്ദുൾ റഷീദ് പറഞ്ഞു. സംവാദത്തിന് ക്ഷണിച്ചിട്ട് പോലും മുഖ്യമന്ത്രി വന്നില്ല. ട്രഷറിയും വിദ്യാഭ്യാസ വകുപ്പ് ഓഫീസുമെല്ലാം വാടകക്കെട്ടിടത്തിലാണ്. ഒടുവിൽ അത് കണ്ണൂരിലേക്ക് മാറ്റുകയാണ്. ഏറ്റവും കൂടുതൽ സർക്കാർ ഓഫീസുകൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഈ മണ്ഡലത്തിലാണ് എന്നും അബ്ദുൾ റഷീദ് പറഞ്ഞു.

തന്റെ ഒപ്പം ഒരു അഞ്ച് മിനുട്ട് സംവാദത്തിന് ഇരിക്കാനും അബ്ദുൾ റഷീദ് മുഖ്യമന്ത്രിയെ ക്ഷണിച്ചു. അങ്ങനെയെങ്കിൽ 140 എംഎൽഎമാരിലെ ഏറ്റവും മോശം എംഎൽഎ ആയിരുന്നു അദ്ദേഹമെന്ന് താൻ തെളിയിക്കാം. ജനങ്ങൾ തന്ന ആത്മവിശ്വാസമാണ് തനിക്ക് ഉള്ളതെന്നും അബ്ദുൾ റഷീദ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വി പി അബ്ദുൾ റഷീദ്. നേരത്തെ അബ്ദുൾ റഷീദ് തളിപ്പറമ്പവിൽ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായതോടെ അബ്ദുൾ റഷീദിനെ ധർമ്മടത്തേക്ക് മാറ്റുകയായിരുന്നു.

Content Highlights: V P Abdul Rasheed claims he will win Dharmadam with over 15,000 votes, citing strong support even from Left strongholds.

To advertise here,contact us