'എത്രമാത്രം ജാതീയമായ ചിന്തയാണ് അദ്ദേഹത്തിനുള്ളിലുണ്ട്, പാർട്ടിയുമായി ആലോചിച്ച ശേഷം നിയമനടപടി'; സി എസ് സുജാത

തനിക്ക് നാണവും മാനവും ഇല്ലേ എന്ന് എങ്ങനെയാണ് സുധാകരന് പറയാൻ കഴിഞ്ഞത് എന്നും സുജാത ചോദിച്ചു

ആലപ്പുഴ: ജാതി അധിക്ഷേപ പരാമർശത്തിൽ ജി സുധാകരനെതിരെ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് സി എസ് സുജാത. പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും നിയമനടപടിയെന്നും സുധാകരൻ നടത്തിയത് അങ്ങേയറ്റം ജാതീയമായ പരാമർശമാണെന്നും സി എസ് സുജാത റിപ്പോർട്ടറിനോട് പറഞ്ഞു.

തനിക്ക് നാണവും മാനവും ഇല്ലേ എന്ന് എങ്ങനെയാണ് സുധാകരന് പറയാൻ കഴിഞ്ഞത് എന്നും സുജാത ചോദിച്ചു. ജി സുധാകരന് വേണ്ടി കായംകുളത്ത് തനിക്കായിരുന്നു തെരഞ്ഞെടുപ്പ് ചാർജ്. സുധാകരന്റെ പരാമർശം ജാതീയമായ വേർതിരിവ് ഉണ്ടാക്കാൻ വേണ്ടിയാണ്. മുല്ലപ്പൂവും തുളസിക്കതിരും സ്ത്രീകൾക്ക് ചൂടാൻ കഴിയില്ലെ? ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരുങ്ങിനടക്കാൻ സ്ത്രീക്ക് ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. മുല്ലപ്പൂവും തുളസിക്കതിരും ഏതെങ്കിലും ജാതിക്കുവേണ്ടി തീറെഴുതിക്കൊടുത്തിരിക്കുന്നതാണോ എന്നും സുജാത ചോദിച്ചു. എത്രമാത്രം ജാതീയമായ ചിന്ത അദ്ദേഹത്തിനുള്ളിലുണ്ട് എന്നതിന്റെ പ്രകടമായ തെളിവാണ് ഈ പരാമർശങ്ങൾ. ഇതെല്ലം യുഡിഎഫിനെ തൃപ്തിപ്പെടുത്താനാണ് എന്നും സുജാത വിമർശിച്ചു.

എൻ കെ പ്രേമചന്ദ്രൻ എംപിയെയും സുജാത വിമർശിച്ചു. സുധാകരൻ പ്രസംഗിക്കുമ്പോൾ സ്റ്റേജിന്റെ പിന്നിൽ നിന്ന് എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള നേതാക്കൾ ചിരിക്കുന്നത് കണ്ടു. വൃത്തികെട്ട പരാമർശം കേട്ട് ചിരിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി എന്നാണ് സുജാത പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ജി സുധാകരൻ സുജാതയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്. സുജാത നായന്മാരുടെ വീട്ടിലേ പോകൂ എന്നാണ് സുധാകരൻ പറഞ്ഞത്. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴയിൽ വന്നുനിൽക്കുകയാണ്. നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്.

ജാതി അധിക്ഷേപ പരാമർശത്തിൽ സുധാകരനെ ന്യായീകരിച്ച് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. മുല്ലപ്പൂവും തുളസിപ്പൂവും മോശം പരാമര്‍ശമല്ലെന്നും ജി സുധാകരന്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.

നായന്മാര്‍ മാത്രമല്ല എല്ലാവരും മുല്ലപ്പൂ ചൂടും. അദ്ദേഹം കവിയായതുകൊണ്ട് കാവ്യാത്മകമായി എടുത്താല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്തായാലും ജി സുധാകരന്‍ ചെറ്റയെന്നോ നികൃഷ്ട ജീവിയെന്നോ ആരെയും വിളിച്ചിട്ടില്ല. നല്ലകാര്യമല്ലേ പറഞ്ഞത്. മുല്ലപ്പൂവ് എല്ലാവരും ചൂടും, നായന്മാര്‍ മാത്രമല്ല. അദ്ദേഹം കവിയല്ലേ, കാവ്യാത്മകമായി പറഞ്ഞതായിരിക്കും', എന്നാണ് ചെന്നിത്തല പറഞ്ഞത്.

Content Highlights: C. S. Sujatha stated that she will move legally against G. Sudhakaran over his alleged casteist remark. She said the decision will be taken after consulting the party and termed the comment as extremely casteist.

To advertise here,contact us