തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കണക്കുകള്‍ നിരത്തി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ നാടിനെയും ഇവിടത്തെ സര്‍ക്കാരിനേയും അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തുനിയുന്നത് ആ പദവിയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അങ്ങയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയൂം അവര്‍ നേതൃത്വം നല്കുന്ന യുഡിഎഫിനേയും പോലെയല്ല എല്‍ഡിഎഫ്. ഞങ്ങള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ഈ നാടിന്റെ മുന്നേറ്റത്തിനായി നടത്തുന്ന നിരന്തരമായ പോരാട്ടമാണ്. ഈ സര്‍ക്കാരിന് ഉത്തരവാദിത്തമുള്ളത് കേരളത്തിലെ ജനങ്ങളോടാണ്. ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിജയവും പരാജയവും അവരെ ബോധ്യപ്പെടുത്തേണ്ട ജനാധിപത്യ മര്യാദ കഴിഞ്ഞ പത്ത് വര്‍ഷമായി ഞങ്ങള്‍ നടത്തിവരികയാണ്. തെലങ്കാന പോലെയല്ല, തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ ഇല്ലയോ എന്ന് ജനങ്ങളെ അറിയിക്കാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിന്റേത്', മുഖ്യമന്ത്രി കുറിച്ചു.
കേരളം രൂപീകരിച്ചത് മുതലുള്ള ഇടത് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. താന്‍ ബിജെപിയെ വിമര്‍ശിക്കുന്നില്ല എന്നായിരുന്നല്ലോ രേവന്ത് റെഡ്ഡിയുടെ ആരോപണമെന്നും എന്നാല്‍ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തുന്നത് കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ശക്തമായ നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ രേവന്ത് റെഡ്ഡി,
ആദ്യമായി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഈ നാടിനെയും ഇവിടത്തെ സര്‍ക്കാരിനേയും അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തുനിയുന്നത് ആ പദവിയോടുള്ള അവഹേളനമാണെന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.
അങ്ങയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയൂം അവര്‍ നേതൃത്വം നല്കുന്ന യുഡിഎഫിനേയും പോലെയല്ല എല്‍ഡിഎഫ്. ഞങ്ങള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ഈ നാടിന്റെ മുന്നേറ്റത്തിനായി നടത്തുന്ന നിരന്തരമായ പോരാട്ടമാണ്. ഈ സര്‍ക്കാരിന് ഉത്തരവാദിത്തമുള്ളത് കേരളത്തിലെ ജനങ്ങളോടാണ്. ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിജയവും പരാജയവും അവരെ ബോധ്യപ്പെടുത്തേണ്ട ജനാധിപത്യ മര്യാദ കഴിഞ്ഞ പത്ത് വര്‍ഷമായി ഞങ്ങള്‍ നടത്തിവരികയാണ്. തെലങ്കാന പോലെയല്ല, തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ ഇല്ലയോ എന്ന് ജനങ്ങളെ അറിയിക്കാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിന്റേത്.
കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളുടെ അവകാശവാദം കോണ്‍ഗ്രസിന് ചാര്‍ത്തി നല്കാന് അങ്ങ് ശ്രമിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമാണ്. ജന്മിത്വത്തിന് അന്ത്യം കുറിക്കാന്‍ ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ 356ാം വകുപ്പ് ദുരുപയോഗം ചെയ്ത് ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചത് അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസുകാരായിരുന്നു. അന്ന് ഭൂപ്രഭുക്കള്‍ക്ക് വേണ്ടി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ പടനയിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
1993ലെ ഭരണഘടനാ ഭേദഗതികള്‍ വരുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ വികേന്ദ്രീകൃത ഭരണം വിഭാവനം ചെയ്തത് സഖാവ് ഇ എം എസ് നയിച്ച കേരളത്തിലെ ആ മന്ത്രിസഭയാണ്. 1980കളിലെ സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. 1996-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയാസൂത്രണത്തിലൂടെ പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി കേരളം രാജ്യത്തിന് തന്നെ മാതൃകയായി. ജനകീയാസൂത്രണത്തെ കുറിച്ച് പഠിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ കേരളത്തിലെത്തി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നവകേരള മിഷനുകളിലൂടെ ഈ പാരമ്പര്യം നമ്മള് ശക്തിപ്പെടുത്തി. ആര്‍ദ്രം മിഷനിലൂടെ 670-ലധികം പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 13,000 പൊതുവിദ്യാലയങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയും 45,000 ഹൈടെക് ക്ലാസ് മുറികളും 19,000-ലധികം ഡിജിറ്റല്‍ വിഭവങ്ങളുള്ള 'സമഗ്ര' പോര്‍ട്ടലും സജ്ജമാക്കുകയും ചെയ്തു.
ദേശീയ ഗവേണന്‍സ് സൂചികകള്‍ താങ്കളുടെ വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. നീതി ആയോഗ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എന്നാല്‍ തെലങ്കാന ഏറ്റവും അഴിമതി കൂടിയ സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ്. ദേശീയ സുസ്ഥിര വികസന സൂചികയില്‍ 79 പോയിന്റോടെ കേരളം ഒന്നാമതാണ്, തെലങ്കാന അവിടെ ആറാമതാണ്. വ്യവസായങ്ങള്‍ അനുയോജ്യമല്ലാത്ത മണ്ണെന്ന ദുര്‍ഖ്യാതി തിരുത്തി വ്യവസായ സൗഹൃദ റാങ്കിംഗിലും ഈ സര്‍ക്കാരിന്റെ കാലത്ത് കേരളം ഒന്നാമത് എത്തിനില്‍ക്കുന്നു.
2026ലെ ഐടി നയത്തിലൂടെ ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ 10% നേടാനാണ് നമ്മള് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, 20,000 ഡീപ്പ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഈ ഡിജിറ്റല്‍ കുതിപ്പിന് കരുത്തേകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടത് ഇച്ഛാശക്തിയാണ്, പൊള്ളയായ അവകാശവാദങ്ങളല്ല. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ തുടങ്ങിയ നിര്‍ണ്ണായക പദ്ധതികള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതുപോലെ കോണ്‍ഗ്രസ് നയിച്ച കേന്ദ്ര സര്‍ക്കാരുകള്‍ കൊച്ചി മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നീ പദ്ധതികളും അനന്തമായി വൈകിപ്പിച്ചു. 1980-കളില്‍ വാഗ്ദാനം ചെയ്ത റെയില്‍വേ കോച്ച് ഫാക്ടറി ഇപ്പോഴും വെറുമൊരു വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു.
മുടങ്ങിക്കിടന്ന ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിച്ച് യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിനുപുറമെ സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് 2025 നവംബര്‍ 1-ന് ഇന്ത്യയില്‍ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. 64,006 കുടുംബങ്ങളെയാണ് കണ്ടെത്തി അതിദാരിദ്ര്യത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത്.
ഞാന്‍ വ്യക്തിപരമായും എല്‍ഡിഎഫും കേന്ദ്രം ഭരിക്കുന്ന ബിജെപിയെ വേണ്ടത്ര വിമര്‍ശിക്കുന്നില്ല എന്നതാണ് താങ്കളുടെ മറ്റൊരു ആരോപണം. എന്നാല്‍, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഭരണഘടനയുടെ 131, 32 അനുച്ഛേദങ്ങള്‍ പ്രകാരം സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്നത് കേരളമാണ്. 16-ാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട സംയുക്ത നീക്കങ്ങള്‍ ഉള്‍പ്പെടെ, ബിജെപി ഇതര സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ കേരളം മുന്‍പന്തിയിലുണ്ട്. ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ശക്തമായ നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് എനിക്ക് യോജിക്കാനാകില്ല. 'പോകും, മുന്നോട്ടു തന്നെ പോകും. നവ കേരള സൃഷ്ടിയിലൂടെ എല്ലാവര്ക്കും മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും.''
സ്നേഹപൂര്വ്വംപിണറായി വിജയന്
Content Highlights: CM Pinarayi Vijayan against Revanth Reddy