'സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് പ്രാര്‍ത്ഥന; വാക്ക് പാലിക്കുന്ന നേതാവെങ്കിൽ പോകേണ്ടി വരുമല്ലോ'

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പേര് താന്‍ പറഞ്ഞിട്ടുണ്ടെന്നും ആ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കെ സുധാകരന്‍

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തോല്‍വി സംഭവിച്ചാല്‍ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്നും അങ്ങനെ പോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു.

'വാക്ക് പാലിക്കുന്ന നേതാവ് ആണെങ്കില്‍ പോകേണ്ടി വരുമല്ലോ. അതില്‍ എനിക്ക് പ്രയാസമുണ്ട്. അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു', കെ സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗേയ്ക്ക് കത്തയച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ കാര്യം ഇനി പറയേണ്ട എന്നും കെ സുധാകരന്‍ പറഞ്ഞു.

'ആ വിഷയത്തില്‍ എന്റെ സംശയം ദൂരീകരിക്കാന്‍ കത്തിന്റെ കോപ്പി കിട്ടിയിട്ടില്ല. കത്തിന്റെ കോപ്പി കിട്ടിയാല്‍ നോക്കിയിട്ട് മറുപടി നല്‍കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പേര് ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. വനിതാ മുഖ്യമന്ത്രി വേണം എന്നത് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായമാണ്. രാഷ്ട്രീയത്തില്‍ പ്രവചനങ്ങള്‍ ഒന്നും വേണ്ട. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് ഒരു നേതാവിനെവെയ്ക്കുന്നത്', കെ സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫ് പ്രകടനപത്രിക തിരുത്തിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രകടനപത്രിക തിരുത്തിയത് അത്രമാത്രം ബുദ്ധി ഉള്ളതുകൊണ്ടാണെന്നും പ്രകടനപത്രിക തെറ്റായി ഇറക്കരുത് എന്ന സാമാന്യബുദ്ധി വേണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 130 സീറ്റ് യുഡിഎഫിന് ലഭിക്കും. പാര്‍ട്ടിയില്‍ നിന്നും കണക്ക് കിട്ടാത്ത സാഹചര്യത്തില്‍ തനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. പാര്‍ട്ടിയുടെ പക്കല്‍ കണക്ക് ഉണ്ടാകും. ഭരണകൂടത്തിന് എതിരെയുള്ള ഫൈറ്റ് ആണ് നടക്കുന്നതെന്നും അങ്ങനെ വന്നാല്‍ യുഡിഎഫിനാണ് സാധ്യതയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K Sudhakaran about V D Satheesan s Political exile statement

To advertise here,contact us