തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അധികാരത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടി സ്കീം നടപ്പിലാക്കുമെന്നും ശിവകുമാർ പറഞ്ഞു. ഒരു കാര്യം പറഞ്ഞാൽ കോൺഗ്രസ് അത് ചെയ്തിരിക്കും. അങ്ങനെ ഒരു പാരമ്പര്യം കോൺഗ്രസിനുണ്ട്. കർണാടകയിലും തെലങ്കാനയിലും ഇതൊക്കെ നടപ്പിലായിട്ടുണ്ട് എന്നും ശിവകുമാർ പറഞ്ഞു.
സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നും ശിവകുമാർ ആരോപിച്ചു. തമിഴ്നാട്ടിലെയും കർണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള അന്തർധാരയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെ ഭാഗമാണെന്നും എന്നാൽ അവയിലൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല എന്നും ശിവകുമാർ പറഞ്ഞു.
സിപിഐഎം-ബിജെപി ഡീൽ ആരോപണവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിരുന്നു. ശബരിമല വിഷയത്തിൽ ഇരുവരും തമ്മിലുണ്ടായ ഡീൽ നമ്മൾ കണ്ടു. ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാർക്കെതിരെ ഇ ഡി കേസ് ഉണ്ട്. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിക്ക് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. അധികാരത്തിന് വേണ്ടി ആശയപരമായ വിട്ടുവീഴ്ച ഉണ്ടാകുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ദീർഘവീക്ഷണമുള്ള സർക്കാരിനെ ആണ് നാടിന് ആവശ്യം. എന്നാൽ മാത്രമേ ആരോഗ്യ - ഐടി - കാർഷിക രംഗങ്ങളിൽ മുന്നോട്ട് പോകാൻ കഴിയൂ. ആശമാർ മാസങ്ങളോളം ഇവിടെ പ്രതിഷേധിച്ചു. സർക്കാർ അവരെ കേൾക്കാൻ തയാറായില്ല. കേന്ദ്രത്തിലെ സർക്കാരിനെ പോലെ കേരളത്തിലെ സർക്കാരും പെരുമാറുകയാണ്. ട്രംപിന് മുൻപിൽ നരേന്ദ്രമോദി നിൽക്കുന്നതുപോലെ മോദിക്ക് മുൻപിൽ പിണറായിയും നമ്രശിരസ്കനായി നിൽക്കുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Content Highlights: Karnataka Deputy Chief Minister D K Shivakumar has predicted that the UDF will secure 96 seats and form the government in Kerala. He also stated that if voted to power, the UDF would implement the Indira Guarantee scheme, highlighting a focus on welfare policies