വോട്ടിന് കിറ്റ് ആരോപണം: 'RSSന്റെയും BJPയുടെയും ഇണ്ടാസുകൾക്ക് മുന്നിൽ ഭയപ്പെടില്ല'; അറസ്റ്റിനിടെ ടി എൻ പ്രതാപൻ

പ്രതാപനെ കൊണ്ടുപോയ പൊലീസ് വണ്ടി തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു

തൃശൂർ: വാടാനപ്പള്ളിയിൽ 'വോട്ടിന് കിറ്റ്' ആരോപണത്തിൽ പ്രതിഷേധത്തിനിടെ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത് പൊലീസ്. കിറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണിന് മുൻപിൽ പ്രതിഷേധിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതാപനെ കൊണ്ടുപോയ പൊലീസ് വണ്ടി തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു.

കിറ്റ് കൊടുത്ത ബിജെപി, യുവമോർച്ച നേതാക്കൾ ഉണ്ടായിട്ടും തന്നെ അറസ്റ്റ് ചെയ്‌തെന്നും ആർഎസ്എസിന്റെയും ബിജെപിയുടെയും ഇണ്ടാസുകൾക്ക് മുന്നിൽ ഭയപ്പെടില്ല എന്നും അറസ്റ്റിനിടെ ടി എൻ പ്രതാപൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി കിറ്റ് കൊടുക്കുന്നത് എല്ലാവരും കണ്ടു. ഇതിനെയെല്ലാം മണലൂരിലെ ജനങ്ങൾ പ്രതിരോധിക്കുമെന്നും തന്നെ കസ്റ്റഡിയിൽ എടുക്കാൻ പാടില്ലാത്തതാണ് എന്നും ടി എൻ പ്രതാപൻ പറഞ്ഞു.

സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിന്നിരുന്നത്. ബിജെപി-യുഡിഎഫ് പ്രവർത്തകർ ഉച്ച മുതൽ വലിയ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. ഇതിനിടെ യുഡിഎഫ് പ്രവർത്തകർ ഗോഡൗണിന് മുൻപിൽ കുത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്ന പ്രതാപനെ പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കേണ്ടിവന്നത്. പ്രതാപനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് ബിജെപി പ്രവർത്തകർ കൂകിവിളിച്ചു.

വാടാനപ്പള്ളിയിലെ സ്വകാര്യ ഗോഡൗണിലാണ് കിറ്റ് തയ്യാറാക്കിയത് എന്നാണ് ആരോപണം. തളിക്കുളത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്സ് വാടാനപ്പിള്ളി എന്ന സ്വകാര്യ ഗോഡൗണിലാണ് കിറ്റ് കണ്ടെത്തിയതായി ആരോപണമുയർന്നത്. പിന്നാലെ ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നതോടെ പ്രതിശേഷം കനത്തു. കിറ്റ് ബിജെപിയുടേതാണ് എന്ന ആരോപണവും പ്രതിഷേധവും കോൺഗ്രസ് ശക്തമാക്കി.

കഴിഞ്ഞദിവസം തൃശൂർ ഒളരിയിലും സമാനമായ കിറ്റ് ആരോപണം ഉണ്ടായിരുന്നു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാർത്തിക' സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പർമാർക്കറ്റിൽ കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നൽകിയെന്നാരോപിച്ച് എൽഡിഎഫ് ആയിരുന്നു പരാതി നൽകിയത്. ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്.

Content Highlights: UDF candidate T N Pratapan was arrested by police during a protest in Vadanappally over alleged illegal kit distribution. The protest took place in front of a godown where the kits were reportedly stored, raising tensions in the Manalur constituency ahead of elections.

To advertise here,contact us