കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടും വയനാട് എംപി പ്രിയങ്കാ ഗാന്ധിയോടും ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുലും പ്രിയങ്കയും ജയിച്ചത് കേരളത്തില്‍ നിന്നാണെന്നും ഇരുവരും കേരളത്തിനായി എന്ത് ചെയ്തെന്നുമാണ് അമിത് ഷാ ചോദിച്ചത്. ചോദ്യത്തിന് കേരള ജനതയോട് രാഹുല്‍ ഉത്തരം നല്‍കണമെന്നും രാജ്യത്ത് കോണ്‍ഗ്രസിന്റെ അവസാനമായെന്നും അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസം രാജ്യത്തുതന്നെ അവസാനിച്ചെന്നും ഇനി എന്‍ഡിഎ സര്‍ക്കാരിന്റെ സമയമാണെന്നും അമിത് ഷാ വ്യക്തമാക്കി. എന്‍ഡിഎ അധികാരത്തില്‍ വരുമ്പോള്‍ ശബരിമലയിലെ സ്വര്‍ണം കട്ടവരെയും വിറ്റവരെയും ജയിലിലടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
'എഐ സമ്മിറ്റ് നടന്നപ്പോള്‍ പല രാജ്യങ്ങളുടെയും തലവന്മാര് എത്തി. അവിടെ രാഹുലിന്റെ നേതൃത്വത്തിലുളള സംഘം തുണിയൂരി എറിഞ്ഞാണ് പ്രതിഷേധിച്ചത്. ഒരുകാര്യം അവര്‍ ഓര്‍ക്കണം. തുണി ഉരിഞ്ഞ് പ്രതിഷേധിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ നഗ്നരാണ്. പാചകവാതക ഇന്ധനം വില വര്‍ധിച്ചതായി രാഹുല്‍ പറഞ്ഞു. ശരിയാണ്. പക്ഷെ അത് കേരളത്തിലല്ല. പാകിസ്താനിലാണ് വിലവര്‍ധനവുണ്ടായത്. രാഹുല്‍ ഇന്ത്യയുടെയും കേരളത്തിന്റെയും പാകിസ്ഥാന്റെയും വിലക്കയറ്റം ഒരുപോലെയാണ് കാണുന്നത്. ഇന്ധനവില പറഞ്ഞ് രാഹുല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാഹുല്‍ വിദേശനയങ്ങളെ തമാശരൂപേണ അവതരിപ്പിക്കുമ്പോള്‍ ശശി തരൂര്‍ കേന്ദ്രത്തെ അഭിനന്ദിക്കുകയാണ്' അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്തിനായി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. 'തലസ്ഥാന നിവാസികള്‍ക്ക് പട്ടിക നല്‍കുമോ? വികസനം നടത്താന്‍ പിണറായി വിജയന് കഴിയില്ല. പേരുമാറ്റല്‍ എന്ന സ്റ്റാര്‍ട്ടപ്പ് അദ്ദേഹം തുടങ്ങി. പിഎം ആവാസ് പദ്ധതി ലൈഫ് മിഷനാക്കി. മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് അരി നല്കിയപ്പോള് പിണറായി സര്‍ക്കാര്‍ അവരുടെ സ്റ്റിക്കറൊട്ടിച്ച് ആളുകള്‍ക്ക് വിതരണം നടന്നു. നാഷണല്‍ ഹൈവേ 66 നിര്‍മ്മിച്ചത് പ്രധാനമന്ത്രി, ഫ്ളക്സ് വെച്ചത് പിണറായിയുടെത്. കേരളത്തില്‍ താമര വിരിയില്ലെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ കേരളത്തോട് നന്ദി പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 2016-ല്‍ ആദ്യമായി താമര വിരിഞ്ഞ് എംഎല്‍എയായി. 2024-ല്‍ ആദ്യമായി താമരയില്‍ എംപി വന്നു. 2025-ല്‍ ആദ്യമായി താമരയില്‍ മേയര്‍ ഉണ്ടായി. ഉടന്‍ തന്നെ താമരയില്‍ ഒരു മുഖ്യമന്ത്രിയും ജനിക്കും'-അമിത് ഷാ പറഞ്ഞു.
എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. രണ്ടുവര്‍ഷത്തിനുളളില്‍ കേരളത്തില്‍ എയിംസ് നിര്‍മ്മിക്കുമെന്നും ക്രിസ്മസിനും ഓണത്തിനും കുടുംബങ്ങള്‍ക്ക് രണ്ട് എല്‍പിജി സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും ഇരുപതിനായിരം ലിറ്റര്‍ വെളളം സൗജന്യമായി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. 'നേമം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ സാധ്യമാകും. തലസ്ഥാനത്തെ ഐടി ഹബ്ബാക്കി മാറ്റും. കൊല്ലത്തെ കടല്‍ സാമ്പത്തിക ശക്തിയാക്കി മാറ്റും. കോഴിക്കോട് ആരോഗ്യ റിസര്‍ച്ച് ഹബ് ആക്കി മാറ്റും. തൃശൂരിനെ സാംസ്കാരിക ടൂറിസം കേന്ദ്രമാക്കി മാറ്റും. കണ്ണൂരിനെ പ്രതിരോധ വികസന ഹബ്ബാക്കി മാറ്റും. ശബരിമലയിലെ സ്വര്‍ണം കട്ടവനെയും വിറ്റവനെയും ജയിലിലാക്കും' അമിത് ഷാ പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനും വികസിത കേരളം നിര്‍മ്മിക്കാന്‍ ആകില്ലെന്നും സുരക്ഷിത കേരളം പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും അത് സാധ്യമാകണമെങ്കില്‍ മോദിയുടെ സര്‍ക്കാര്‍ കേരളത്തില്‍ വരണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Rahul Gandhi and Priyanka won from Kerala, then what did they do for Kerala':asks Amit Shah