മുണ്ടക്കൈ: മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീട് നിര്‍മിച്ചു നല്കാന് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞ കണക്കില്‍ പ്രശ്നമുണ്ടെന്ന് റെവന്യു മന്ത്രി കെ രാജന്. കെപിസിസിക്ക് എത്ര തുക കിട്ടിയെന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്. ലഭിച്ച പണം മുഴുവന്‍ ഭൂമി വാങ്ങാന്‍ ചെലവഴിച്ചു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് ചെറിയ കാലയളവിനുള്ളില്‍ വീടുണ്ടാക്കി കൈമാറുമെന്ന് പറഞ്ഞതെന്ന് കെ രാജന് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വയനാട് ഫണ്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.
വയനാട്ടില്‍ കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് അന്വേഷിച്ച് പോകേണ്ട കാര്യം സര്‍ക്കാരിനില്ല. എന്നാല്‍ ഇത്രകാലം കണക്ക് മൂടിവെച്ചതിന്റെ കാരണമെന്താണെന്നും മന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് പറഞ്ഞ കണക്ക് സത്യസന്ധമാണോ എന്ന് കാലം വിലയിരുത്തും. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ ഒരു അപേക്ഷ പോലും കോണ്‍ഗ്രസ് കൊടുത്തിട്ടില്ല. വീടിന് തറക്കല്ലിട്ടത് ജനങ്ങളെ കബളിപ്പിക്കാനാണ്. പണം വാങ്ങിപ്പോയവര്‍ വീണ്ടും തിരിച്ച് വിളിക്കുകയാണ്. എത്ര ഭൂമി വാങ്ങിയെന്നും എത്ര പേര്‍ക്ക് വീട് നല്‍കിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണം. തെരഞ്ഞെടുപ്പിന് മുമ്പ് പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്ന് നടത്തിയ നാടകം മാത്രമാണ് വയനാട് നടന്നത്. ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയണമെന്നും കെ രാജന് ആവശ്യപ്പെട്ടു.
ദുരന്തബാധിതര്‍ക്കായി നൂറ് വീടുപോലും നിര്‍മ്മിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രതികരിച്ചിരുന്നു. കെപിസിസി പിരിച്ചുവിടുന്നതാണ് ഇതിനെക്കാള്‍ നല്ലത്. കെപിസിസി പ്രസിഡന്റ് മറ്റെന്തെങ്കിലും പണിക്ക് പോകുന്നതാണ് നല്ലതെന്നും ഇപ്പോള്‍ അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും സനോജ് തുറന്നടിച്ചിരുന്നു. മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതര്‍ക്കായി പിരിച്ച തുകയുടെ കണക്ക് കോണ്‍ഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടറിനോടായിരുന്നു സനോജിന്റെ പ്രതികരണം.
Content Highlights: K Rajan criticizes KPCC, alleging irregularities in the disclosed details of the Congress Wayanad fund