കോഴിക്കോട്: സമുദായത്തിന്റെ പേരിൽ വോട്ട് ചോദിച്ചത് സ്ഥാനാർത്ഥിയുടെ ഒപ്പം എത്തിയവരെന്ന് ഫാത്തിമ തെഹ്ലിയ്ക്കെതിരെ പരാതി നൽകിയ കീഴരിയൂർ സ്വദേശിനി സഫീറ. മുൻപരിചമില്ലാത്തവരാണ് വോട്ട് ചോദിച്ചത്. അന്ന് താൻ അതത്ര കാര്യമാക്കിയില്ല. സാമുദായിക ധ്രുവീകരണമായിരുന്നു ലക്ഷ്യമെന്നും വിവാദമായ സാഹചര്യത്തിലാണ് പരാതി നൽകുന്നത് എന്നും സഫീറ റിപ്പോർട്ടറിനോട് പറഞ്ഞു. പരാതി നൽകിയത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അറിയില്ല എന്നും സഫീറ കൂട്ടിച്ചേർത്തു. കീഴരിയൂർ സ്വദേശികളായ പോക്കർ, മൊയ്തീൻ എന്നിവരും പരാതി നൽകിയിരുന്നു. തങ്ങൾക്കും സമാനമായ അനുഭവമാണ് ഉണ്ടായത് എന്നാണ് ഇരുവരും പറഞ്ഞത്.
'സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്ന ആളുകളാണ് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചത്. മുസ്ലിം കുട്ടി സഭയിലേക്ക് വരണം എന്ന രീതിയിലാണ് അവർ പറഞ്ഞുവന്നത്. വർഗീയത എന്നതിലേക്കാണ് അവർ കൊണ്ടുവന്നത്. എന്നാൽ വർഗീയത വേണ്ട എന്ന ബോധ്യത്തിലാണ് ഞാൻ പരാതി കൊടുത്തത്'; സഫീറ പറഞ്ഞു.
ഇവിടെ വർഗീയമായ രീതിയിൽ കാര്യങ്ങൾ പോകാറില്ല എന്നും സഫീറ പറഞ്ഞു. താൻ പരാതി നൽകിയത് പാർട്ടി നേതൃത്വത്തിനറിയാം. എന്നാൽ സ്ഥാനാർത്ഥിക്കറിയില്ല. ഇവിടെ വർഗീയത വേണ്ട എന്നും കേസുമായി മുന്നോട്ടുപോകുമെന്നും സഫീറ തറപ്പിച്ചുപറഞ്ഞു. തെരഞ്ഞെടുപ്പ് ഓഫീസർ തെളിവുകൾ ചോദിച്ചിരുന്നുവെന്നും എന്നാൽ നേരിട്ട് കേട്ടതായതിനാൽ തെളിവുകൾ ഹാജരാക്കാൻ ആയില്ലെന്നും സഫീറ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ പരാതി ലഭിച്ചത്. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികളാണ് ലഭിച്ചിരുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം തേടി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു.
ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്നാണ് വിവരം.
Content Highlights: A complaint has been raised against candidate Fathima Tehlia by Keezhariyoor native Safeera. The complainant alleged that individuals who accompanied the candidate sought votes in the name of the community.