നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണ് സലിം കുമാറിൻ്റെ പരാമർശമെന്ന് പരാതിയിൽ

കൊച്ചി: നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് ആണ് പരാതി നല്‍കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു സലിം കുമാറിന്റെ വിവാദ പരാമര്‍ശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണ് പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്.

സലിം കുമാര്‍ പരാമര്‍ശം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് എന്‍പിആര്‍ഡി പരാതി നല്‍കിയത്.

കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനായി മാനസികാരോഗ്യ അവസ്ഥകളെ സലിം കുമാര്‍ തംതാഴ്ന്ന രീതിയില്‍ പരിഹസിച്ചതായി എന്‍പിആര്‍ഡി പറയുന്നു. ഇത്തരം പ്രസ്താവനകള്‍ അരോചകം മാത്രമല്ല, അങ്ങേയറ്റം ദോഷകരവുമാണ്. ഇത് സമൂഹത്തില്‍ മാനസിക വെല്ലുകള്‍ നേരിടുന്നവര്‍ക്കെതിരെയുള്ള മുന്‍വിധികളെ ന്യായീകരിക്കാന്‍ ഇടയാക്കുമെന്നും എന്‍ഡിആര്‍ഡി കുറ്റപ്പെടുത്തുന്നു.

ഭിന്നശേഷിക്കാരുടെ അന്തസ്സും തുല്യതയും ഉറപ്പാക്കുന്നതിനായി വര്‍ഷങ്ങളായി നടന്നുവരുന്ന പോരാട്ടങ്ങളെ കൂടിയാണ് സലിം കുമാര്‍ ഇത്തരം പ്രസ്താവനയിലൂടെ തകര്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ഇത്തരം പ്രയോഗങ്ങള്‍ തുടരുന്നത് നിയമപരമായ സംരക്ഷണങ്ങളുടെ ലംഘനമാണെന്നും എന്‍പിആര്‍ഡി ചൂണ്ടിക്കാട്ടുന്നു.

Content Highlights- A complaint has been lodged with the Election Commission against actor Salim Kumar

To advertise here,contact us