'തെരഞ്ഞെടുപ്പ് വരുമ്പോൾ അവർ കിറ്റ് കൊടുത്ത് പറ്റിക്കും,നമ്മുടെ ആൾക്കാർ ആ സമയം വഴക്കുണ്ടാക്കും':ധർമജൻ ബോൾഗാട്ടി

ചെറിയ പടലപ്പിണക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ധർമജൻ പറഞ്ഞു

കൊച്ചി: കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമജൻ ബോൾഗാട്ടി. യുഡിഎഫ് അധികാരത്തിൽ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ കിറ്റ് കൊടുക്കുക എന്ന പറ്റിക്കൽ നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും ധർമജൻ പറഞ്ഞു. റിപ്പോർട്ടർ ഇലക്ഷൻ എക്സ്പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും സുഹൃത്തുമായ രമേഷ് പിഷാരടിയ്ക്കായി അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു. സിനിമാ തരംഗം വെച്ചുളള വോട്ടുകൾ വേണ്ടെന്നാണ് പിഷാരടി പറഞ്ഞത്, എന്നാൽ പോകാതിരിക്കുന്നത് ശരിയല്ല, താൻ സിനിമാ നടൻ മാത്രമല്ല, നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളുകൂടിയാണല്ലോ എന്നും ധർമജൻ പറഞ്ഞു.

'ഞാന്‍ പെട്ടന്ന് രാഷ്ട്രീയക്കാരനായ ആളല്ല. സ്‌കൂളില്‍ ലീഡറായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ് യു ജില്ലാ സെക്രട്ടറിയായിരുന്നു. നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു. സേവാ ദള്‍ ക്യാമ്പുകളിലെല്ലാം പങ്കെടുത്തയാളാണ്. സിനിമാക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ. പലരും ചോദിച്ചാണ്, പക്ഷെ മത്സരിക്കാനില്ല എന്ന് ഞാന്‍ പറഞ്ഞതാണ്. സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനം': ധർമജൻ ബോൾഗാട്ടി പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റിനുവേണ്ടിയുളള തര്‍ക്കങ്ങളൊക്കെ സ്വാഭാവികമായും കോണ്‍ഗ്രസില്‍ നടക്കുന്ന സംഭവമാണെന്നും സമയം വരുമ്പോള്‍ ഒരു തല്ലുപിടിത്തമുണ്ടാകുമെന്നും ധർമജൻ പറഞ്ഞു. 'ചെറിയ പടലപ്പിണക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുളള ഒരുപാടുപേരുണ്ട്. ഇതെല്ലാം തീരുമാനിക്കുന്നത് എഐസിസിയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കിറ്റ് കൊടുക്കുക എന്ന പറ്റിക്കല്‍ നയമാണ് ഇടതുപക്ഷത്തിന്. നമ്മുടെ ആള്‍ക്കാര് ആ സമയത്ത് വഴക്കുണ്ടാക്കും അതാണ് പ്രശ്‌നം. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പതാക പുതച്ചിരുന്നു. അമ്മ മരിച്ചപ്പോഴും അങ്ങനെയായിരുന്നു. എനിക്കും മരിക്കുമ്പോള്‍ അങ്ങനെ കോണ്‍ഗ്രസ് പതാക വിരിക്കണം. കോണ്‍ഗ്രസ് വിട്ട് വേറെ കളിയില്ല': ധർമജൻ ബോൾഗാട്ടി കൂട്ടിച്ചേർത്തു.

Content Highlights: cpim gives kits during elections, our people will fight at that time': Dharmajan Bolgatty

To advertise here,contact us