ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ നയമാണ് മുഖ്യമന്ത്രിക്ക്: പിഎംഎ സലാം

'ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്'

തൊടുപുഴ: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഭരണം നഷ്ടപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് വിജയന്‍. ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ബിജെപിക്ക് പാര്‍ലമെന്റ് അംഗത്തെ നല്‍കിയത് സിപിഐഎം ആണ്. വി എസ് സുനില്‍ കുമാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.

വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഐഎം-എസ്ഡിപിഐ സഹകരണമുണ്ട്. കഴിഞ്ഞ തവണ എസ്ഡിപിഐയ്ക്ക് വേണ്ടി മത്സരിച്ചയാളാണ് ഇത്തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പറഞ്ഞ ആളുകളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കി​യതെന്നും കെ എം ഷാജി അതിന് ഉദാഹരണമാണെന്നുമുള്ള സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നതെന്ന് പിഎംഎ സലാം വിമർശിച്ചു.

യു പ്രതിഭയ്ക്ക് എതിരെയുള്ള പരാമര്‍ശം തെറ്റായിപ്പോയെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണ്. ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ സൈബര്‍ ആക്രമണം നടത്തുക്കുന്നുണ്ട്. ഇതിനെതിരെ സി പിഐഎം നടപടി എടുക്കുന്നില്ലെന്നും സലാം ആരോപിച്ചു.

Content Highlights: PMA Salam says Pinarayi Vijayan is a person who clearly knows that he will have to spend time in jail if he loses power

To advertise here,contact us