യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ആദ്യ പരിപാടി മുണ്ടക്കൈ-ചൂരല്‍മല വീടുകളുടെ പൂര്‍ത്തീകരണം: കെ സി വേണുഗോപാൽ

വയനാട്ടിൽ മൂന്ന് സീറ്റിലും ‌വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും കെ സി വേണുഗോപാൽ

കൽപ്പറ്റ : വയനാട്ടിൽ മൂന്ന് സീറ്റിലും ‌വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തവണ മാനന്തവാടി തിരിച്ച് പിടിക്കുമെന്നും സുല്‍ത്താന്‍ ബത്തേരിയും കൽപ്പറ്റയും വർധിത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

യുഡിഎഫ് സർക്കാർ വന്നാൽ ആ​ദ്യ പരിപാടി മുണ്ടക്കൈ-ചൂരല്‍മല വീടുകളുടെ പൂര്‍ത്തീകരണമാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണ, ഈ സർക്കാരിനെതിരെയുള്ള ജനവികാരം, യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളോടുള്ള യോജിപ്പ് എന്നിവകൊണ്ട് തങ്ങൾ വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയും കെ സി വേണുഗോപാൽ പ്രതികരിച്ചു. കേരള ജനതയ്ക്ക് രാഹുൽ ​ഗാന്ധിയോടുള്ള സ്വാധീനം മുഖ്യമന്ത്രിക്ക് അറിയാമെന്നും അതുകൊണ്ടാണ് അദ്ദേഹം ഭയപ്പെടുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ പറയുമ്പോൾ എപ്പോഴെങ്കിലും മോദിക്കെതിരെയും പറയണമെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീയും ലേബർ കോഡും സാലാം വെച്ച് ഒപ്പിട്ട് കൊടുത്തിട്ട് മോദിക്കെതിരെ ഒരു അക്ഷരം മിണ്ടാൻ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മറ്റ് മുഖ്യമന്ത്രിമാരും സംസ്ഥാനത്തിന് ആവശ്യമായ പണം കണക്ക് പറഞ്ഞ് മേടിക്കുമ്പോഴും ഈ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിനെതിരെ ശക്തമായി പോരാടുമ്പോഴും കവാത്ത് മറക്കുന്ന മുഖ്യമന്ത്രിക്ക് രാഹുൽ ​ഗാന്ധിയെ കുറിച്ച് പറയാൻ മാത്രമേ കഴിയുകയുള്ളൂവെ‌ന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. യുഡിഎഫിനെ വിഭജിക്കാൻ കഴിയില്ല. ഇടത് പക്ഷത്തെ പുറത്താക്കാൻ തങ്ങൾ ഒറ്റകെട്ടാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Content Highlight : K C Venugopal expressed confidence that the UDF will win all three seats in Wayanad.

To advertise here,contact us