കണ്ണൂർ: സിപിഐഎം വിട്ട ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ പുറത്താക്കി സിപിഐഎം. നിലവിൽ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ പി രമണി. ഇന്നലെ ടി കെ ഗോവിന്ദന്റെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഭാര്യ കെ പി രമണി എത്തിയത്. ടി കെ ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെന്ന് കെ പി രമണി റിപ്പോർട്ടറിനോട് പറഞ്ഞു. 'ടി കെ ഗോവിന്ദന് മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില്‍ നടക്കുന്നു. ഞാന്‍ മാഷെ ചോറാണ് തിന്നുന്നത്, പാര്‍ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്‍ഷമായി ഈ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല', കെ പി രമണി പറഞ്ഞിരുന്നു
തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടത്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന് പറഞ്ഞു.
ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന് പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlight : Communist Party of India (Marxist) expelled K P Ramani from the party Disciplinary action taken over alleged violation of party norms