'തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി ബിജെപിയുടെ പാര്‍ട്ടി പണി'; ബിജെപി സീല്‍ വിഷയത്തില്‍ കെ സി വേണുഗോപാല്‍

കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നുവെന്നും വൈകിയാണെങ്കിലും അറിയാന്‍ പറ്റിയല്ലോയെന്നും കെ സി വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

കൊല്ലം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് കമ്മീഷന്റ ജോലി ബിജെപിയുടെ പാര്‍ട്ടി പണി ആണെന്ന് കഴിഞ്ഞ കുറേക്കാലമായി തങ്ങള്‍ പറയുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇത് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നുവെന്നും വൈകിയാണെങ്കിലും അറിയാന്‍ പറ്റിയല്ലോയെന്നും കെ സി വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'ഞെട്ടിക്കുന്ന കാര്യമായി പോയി. കുറേക്കാലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പണി തന്നെയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉള്‍പ്പെടെ യുഡിഎഫിനെ പരാജയപ്പെടുത്താനാണ്. സമയം കുറച്ചാല്‍ യുഡിഎഫിനെ തോല്‍പ്പിക്കാം എന്നാണോ?' കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ വന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്.

2019 തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍. 2019ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കത്തായിരുന്നു ഇതിനൊപ്പം ഉണ്ടായിരുന്നത്. കത്തിന്റെ അടിഭാഗത്തായാണ് ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നത്. സംഭവം വിവാദമാതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: K C Venugopal about BJP seal in Election Commission s letter

To advertise here,contact us