സുധാകരന് ഇനി എങ്ങനെ ഭുവനേശ്വരനെ ഓര്‍ക്കാന്‍ സാധിക്കും?; എങ്ങനെ ആ കാപാലികരുടെ കൂടെ പോകാന്‍ കഴിയും: എ കെ ബാലൻ

'കെഎസ്‌യു ഗുണ്ടകളാൽ കൊല്ലപ്പെട്ട അനുജന്റെ മുഖം ഇനി എങ്ങനെയാണ് സുധാകരന് ഓർക്കാൻ സാധിക്കുക? '

പാലക്കാട്: സിപിഐഎമ്മുമായി എല്ലാ ബന്ധവും വിട്ട ജി സുധാകരനെതിരെ ആഞ്ഞടിച്ച് എ കെ ബാലൻ. കെഎസ്‌യു ഗുണ്ടകളാൽ കൊല്ലപ്പെട്ട അനുജന്റെ മുഖം ഇനി എങ്ങനെയാണ് സുധാകരന് ഓർക്കാൻ സാധിക്കുകയെന്നും എങ്ങനെ ആ കാപാലിക്കാർക്കൊപ്പം പോകാൻ കഴിയുമെന്നും എ കെ ബാലൻ ചോദിച്ചു. കുറ്റബോധം കൊണ്ട് ഓരോ ദിവസവും അദ്ദേഹം മാനസികമായി തകരുമെന്നും എ കെ ബാലൻ പറഞ്ഞു.ജി സുധാകരൻ്റെ അനുജനായ ഭുവനേശ്വരനെ കെഎസ്‌യു പ്രവർത്തകർ കൊലപ്പെടുത്തിയത് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബാലൻ്റെ പ്രതികരണം.

ഭുവനേശ്വരന്റെ തലച്ചോർ കെഎസ്‌യുക്കാർ തച്ചുപൊട്ടിക്കുകയാണ് ചെയ്തത്. രാക്ഷസാക്ഷി ദിനം അടുക്കുമ്പോൾ ജി സുധാകരന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് അറിയാം. സുധാകരന് എങ്ങനെ ഈ കാപാലികരുടെ കൂടെ പോകാൻ കഴിയും? സ്വപ്നത്തിൽ പോലും തനിക്കത് ചിന്തിക്കാൻ കഴിയുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു. കോൺഗ്രസ് വിരുദ്ധതയുള്ള ഒരു സഖാവ് എങ്ങനെ ഈയൊരു മനസികാവസ്ഥയിലെത്തി എന്നും ബാലൻ ചോദിച്ചു.

അദ്ദേഹത്തിന്റെ മനസ് ഈ തീരുമാനം തിരുത്തുമെന്നും എന്നാൽ ശരീരം തിരുത്തുമോ എന്ന് തനിക്കറിയില്ലെന്നും എ കെ ബാലൻ പറഞ്ഞു. കോൺഗ്രസുമായി ഒത്തുപോകാൻ അദ്ദേഹത്തിന് കഴിയില്ല. ഏതോ ഒരു മനോനിലയിലാകും അദ്ദേഹം ഇക്കാര്യം തീരുമാനിച്ചത്. പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരമാണ് 75 കഴിഞ്ഞവർ മത്സര രംഗത്തുനിന്ന് മാറിനിന്നതെന്നും എ കെ ബാലൻ പറഞ്ഞു.വലിയ ആലോചനയുടെ ആവശ്യമൊന്നുമില്ല. അദ്ദേഹം മത്സരിക്കുമെന്ന് പറഞ്ഞു, പിന്തുണ കൊടുക്കുമെന്ന് യുഡിഎഫും പറഞ്ഞു. ടാങ്ക് ഓവർ ഫ്ലോ ആയി കഴിഞ്ഞാൽ പിന്നെ എന്തുചെയ്യുമെന്നും അതുകൊണ്ടാണ് കോൺഗ്രസിലേക്കുള്ള ഒഴുക്ക് എന്നും ബാലൻ വിമർശിച്ചു.

സുധാകരന് പിന്തുണ നൽകുന്ന കാര്യം ആലോചിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. ആലപ്പുഴ ജില്ലയിലെ നേതാക്കളുമായും പാർട്ടിയുമായും കൂടിയാലോചിക്കണമെന്നും സുധാകരൻ നിയമസഭയിൽ വരുന്നത് നല്ലതാണ് എന്നാണ് തന്റെ അഭിപ്രായമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

ജി സുധാകരന്റെ കാര്യത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണ്. താൻ ഇതുവരെ സുധാകരനുമായി ബന്ധപ്പെട്ടിട്ടില്ല എന്നും മറ്റുനേതാക്കൾ സംസാരിച്ചോ എന്ന് അറിയില്ല എന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ പുന്നപ്രയിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് മാറികൊടുത്തു. താന്‍ കാരണം പാര്‍ട്ടിക്ക് ഇനി തലവേദനയാകില്ലെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് തനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അത് വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടില്‍ തന്റെ വാദങ്ങള്‍ ചേര്‍ത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെ ആരും തന്നെ പിന്തുണച്ചില്ല. മറ്റുള്ളവര്‍ നിശബ്ദരായിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നുമാണ് ജി സുധാകരന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

വിമര്‍ശനങ്ങള്‍ക്ക് കീഴടങ്ങില്ല എന്നും പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും എന്നും സുധാകരൻ ആഞ്ഞടിച്ചു. താൻ എംഎല്‍എയും മന്ത്രിയുമായി. ഇനി എന്താ അയാള്‍ക്ക് വേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് മാര്‍ക്‌സിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിന്‍ റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാന്‍ പറയുമോയെന്നും ജി സുധാകരന്‍ ചോദിച്ചു.

Content Highlights: ak balan against g sudhakaran

To advertise here,contact us