ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ മത്സരിച്ചേക്കും. സിപിഐഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരൻ നാളെ നിലപാട് പ്രഖ്യാപിക്കും. പുന്നപ്രയിലെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് നാളെ വാർത്താസമ്മേളനം നടത്തും. പിന്തുണ തേടി ജി സുധാകരൻ പ്രവർത്തകരെ ഫോണിൽ നേരിട്ട് വിളിച്ചു. പ്രാദേശിക നേതൃത്വത്തോട് അതൃപ്തിയുള്ള നേതാക്കൾ ജി സുധാകരന് പിന്തുണ അറിയിച്ചതായാണ് വിവരം.
സുധാകരനോടൊപ്പം പ്രവർത്തകർ കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. മാധ്യമപ്രവർത്തകരെ ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ജി സുധാകരൻ ആരംഭിച്ചിട്ടുണ്ട്. സുധാകരൻ പല നേതാക്കളെയും ബന്ധപ്പെട്ടത് പാർട്ടി കമ്മിറ്റികളിൽ ചർച്ചയായി. അദ്ദേഹം പാർട്ടിയെ വഞ്ചിക്കുന്നു എന്ന പൊതുവികാരം കമ്മിറ്റികളിൽ ഉയർന്നു. എന്നാൽ ജി സുധാകരന്റെ ഭാഗത്താണ് ശരിയെന്നും സംഘടനാപരമായി അദ്ദേഹം പാർട്ടി വിട്ട് പോകില്ലെന്നും ധാർമിക ആശയപരമായ മൂല്യങ്ങൾ പണയംവെക്കില്ലെന്നുമുള്ള നിലപാടാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്.
അതേസമയം അംഗത്വം പുതുക്കാതെ പാർട്ടിയുമായി അകന്നുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐഎം അവസാനിപ്പിച്ച നിലയിലാണ്. പല ഘട്ടങ്ങളിലായി നടത്തിയ ചർച്ച ഫലമില്ലാത്ത സാഹചര്യത്തിലാണ് പിന്നോട്ടടിക്കാൻ സപിഐഎം തീരുമാനിച്ചത്. അദ്ദേഹം അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐഎം. തൽക്കാലം പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാൽ പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നുമാണ് ജി സുധാകരന്റെ നിലപാട്.
അമ്പലപ്പുഴ സീറ്റ് ജി സുധാകരനുവേണ്ടി യുഡിഎഫ് ഒഴിച്ചിട്ടിരിക്കയാണ്. അദ്ദേഹം നിലപാട് പ്രഖ്യാപിച്ച ശേഷമേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ. എന്നാൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ അമ്പലപ്പുഴയിൽ യുഡിഎഫും വെട്ടിലാകും.
Content Highlights: Senior leader G Sudhakaran may contest as an independent candidate from Ambalapuzha in the assembly elections