കൊച്ചി: സംസ്ഥാന സർക്കാരിന്റെ യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യ പരസ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അംഗം ഷാരോൺ പനയ്ക്കൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പരസ്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
പരസ്യം സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് ഷാരോൺ പനയ്ക്കൽ ആരോപിക്കുന്നത്. പൊതുമുതലിന്റെ ദുരുപയോഗമാണ് നടന്നത്. പിആർഡി ഉദ്യോഗസ്ഥർ ഭരണപക്ഷത്തിന്റെ ഏജന്റുമാരെപ്പോലെ പ്രവർത്തിച്ചു. പരസ്യത്തിന്റെ പണം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.
വിവിധ പത്രങ്ങളിൽ വന്ന പരസ്യത്തിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നു. അധ്യാപകനായ ഷിനോ പി ജോസ് ആണ് പരാതിയുമായി രംഗത്തുവന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമാണ് പരാതി നൽകിയിരുന്നത്.
വായനക്കാരായ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരസ്യം എന്നായിരുന്നു ആരോപണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനങ്ങളെത്തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിആർഡി വിഭാഗത്തെ ഉപയോഗിച്ചു എന്നും പരാതിയിലുണ്ട്. പിആർഡിക്കെതിരെയും എൽഡിഎഫ് കൺവീനർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ഷിനോ പി ജോസിന്റെ ആവശ്യം.
ദേശാഭിമാനി, മാധ്യമം തുടങ്ങിയ നിരവധി മലയാളം പത്രങ്ങളിലും ദി ഹിന്ദു തുടങ്ങിയ നിരവധി ഇംഗ്ലീഷ് പത്രങ്ങളിലും മാർച്ച് അഞ്ചിനാണ് സർക്കാരിന്റെ പ്രചാരണ പരസ്യം വന്നത്. 'ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്പത് ശതമാനം സ്കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം' എന്നിങ്ങനെയെല്ലാമാണ് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. രണ്ടാം പേജില്‍ പിണറായി വിജയന്റെ കാലത്ത് ഇതേ കാര്യങ്ങള്‍ പരിഹരിച്ചതായി പറയുന്നു.
രണ്ട് ഭരണകാലഘട്ടങ്ങളെ താരതമ്യം ചെയ്തുകൊണ്ടാണ് 'വാര്‍ത്ത' നല്‍കിയിരിക്കുന്നത്. 'കേരളം ഇനി മുതല്‍ ഇരുട്ടില്‍, ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്' എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഉദ്ദേശിച്ച് പറയുമ്പോള്‍ 'പവര്‍ക്കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍, കേരളത്തില്‍ വെളിച്ച വിപ്ലവം' എന്നാണ് പിണറായി സര്‍ക്കാരിന്റെ ഭരണകാലം ചൂണ്ടിക്കാട്ടി പറയുന്നത്. 'കുട്ടികള്‍ എവിടെപ്പോയി പഠിക്കും, നാല്പത് ശതമാനം സ്കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍' എന്നാണ് ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ വിദ്യാഭ്യാസ രംഗത്തെ കുറിച്ച് പറയുന്നത്. രണ്ടാം പേജിലേക്ക് വരുമ്പോള്‍ ആദ്യ പേജിന്റെ അതേ സ്ഥാനത്ത് നല്‍കിയിരിക്കുന്നത് ഇങ്ങനെ, 'പുതുശോഭയില്‍ പൊതുവിദ്യാഭ്യാസം, 111 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി പൂര്‍ത്തിയായി'.
മറ്റൊരു പ്രധാന താരതമ്യം ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. 'ഓണത്തിനും ക്ഷേമമില്ല, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം' എന്നാണ് ഒന്നാം പേജില്‍ എങ്കില്‍ '2000 രൂപ വീതം അറുപത്തിരണ്ട് ലക്ഷം പേര്‍ക്ക്, മുടങ്ങാതെ പെന്ഷന്, കൈനിറയെ ക്ഷേമം' എന്നാണ് നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, ദേശീയപാത സ്ഥലമേറ്റെടുപ്പ്, പാഠപുസ്തക വിതരണം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അടക്കമുള്ളയും താരതമ്യം ചെയ്തിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിയില്‍ മാസം 124 കോടിയോളം രൂപയുടെ നഷ്ടമാണെങ്കില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്ലാ ഡിപ്പോകളും ലാഭത്തിലാണെന്നാണ് പറയുന്നത്. യുഡിഫ് ഭരണകാലത്ത് 'പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ'യാണെങ്കില്‍ എല്‍ഡിഎഫ് ഭരണകാലത്ത് 'പാഠപുസ്തകങ്ങള്‍ സ്കൂളുകള്‍ തുറക്കും മുമ്പേ' ആണ്. മന്ത്രിമാരുടെ പ്രതികരണങ്ങളും താരതമ്യം ചെയ്ത് നല്‍കിയിട്ടുണ്ട്. 'കളറായതുകൊണ്ട് വൈകി' എന്നാണ് യുഡിഎഫ് മന്ത്രി പറയുന്നതെങ്കില്‍ 'ഫോട്ടോ സ്റ്റാറ്റ് ഇനി വേണ്ട' എന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രി പറഞ്ഞത്. 'എങ്ങുമെത്താതെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി-വികസനത്തിന് ഇന്ധനമായി ഗെയ്ല്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനം ട്രഷറി കാലി-ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കി സര്‍ക്കാര്‍, ടാറിനും കുടിശ്ശിക, റോഡ് പണി നിലച്ചു-റോഡുകള്‍ ഹൈടെക്ക്, ശമ്പളം നല്കാന് എല്‍ഐസിയില്‍ നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍-ശമ്പളവും ക്ഷേമവും മുടങ്ങാതെ കേരളം, മരുന്നില്ലാതെ ആശുപത്രികള്‍-ആരോഗ്യമേഖലയില്‍ ഫെബ്രുവരിയില്‍ 2,789 കോടിയുടെ പദ്ധതികള്‍' തുടങ്ങിയവയും നല്‍കിയിട്ടുണ്ട്.
Content Highlights: A Congress leader has approached the Kerala High Court challenging the state government's advertisement that compares the governance of the UDF and LDF. The petition was filed by Sharon Panakkal, a former member of the Ernakulam District Panchayat.