ബേപ്പൂരിന്‍റെ അമരത്ത് തുടരാന്‍ റിയാസ്? അന്‍വറിലൂടെ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്; എന്‍ഡിഎയും ഒരുങ്ങി തന്നെ

മണ്ഡലത്തിന്റെ ഇടതുസ്വഭാവം ഇത്തവണയും മുഹമ്മദ് റിയാസിന് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

കോഴിക്കോട്: യുഡിഎഫിലും എല്‍ഡിഎഫിലും സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കുറെ തീരുമാനമായ ബേപ്പൂരില്‍ ഇത്തവണ സംസ്ഥാന രാഷ്ട്രീയം തന്നെ ശ്രദ്ധിക്കുന്ന മത്സരമാണ് നടക്കുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസിനെ നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ നിലമ്പൂർ എംഎല്‍എയുമായ പി വി അന്‍വർ ഇതിനോടകം തന്നെ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. പരമ്പരാഗതമായി തന്നെ ഇടത് സ്വാധീന മേഖലയാണെങ്കിലും പി വി അന്‍വറിലൂടെ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

കോഴിക്കോട് കോർപ്പറേഷനിലെ 41 മുതൽ 54 വരെയുള്ള 14 ഡിവിഷനുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ബേപ്പൂർ നിയമസഭാ മണ്ഡലം. 1980 ന് ശേഷം സിപിഐഎം മാത്രം വിജയിക്കുന്ന മണ്ഡലമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മുന്നേറ്റം നടത്താന്‍ യുഡിഎഫിന് സാധിച്ചു. മണ്ഡലത്തിലെ കോർപ്പറേഷന്‍ വാർഡുകളില്‍ എല്‍ഡിഎഫിന് 9 സീറ്റുകളും യുഡിഎഫിന് 4 സീറ്റുകളും ലഭിച്ചപ്പോള്‍ എന്‍ഡിഎ 1 ല്‍ ഒതുങ്ങി. ഫറോക്ക് നഗരസഭയും രാമനാട്ടുകര നഗരസഭയും യുഡിഎഫ് പിടിച്ചപ്പോള്‍ കടലുണ്ടി പഞ്ചായത്ത് മാത്രമാണ് ഇടതിനൊപ്പം നിന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 19561 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന് മണ്ഡലം നല്‍കിയത്.

എന്നാല്‍ മണ്ഡലത്തിന്റെ ഇടതുസ്വഭാവം ഇത്തവണയും മുഹമ്മദ് റിയാസിന് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പി എം നിയാസിനെതിരെ 28747 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മുഹമ്മദ് റിയാസിന് ലഭിച്ചത്. പുതിയ വോട്ടർമാർ, യുവ വോട്ടർമാർ, സ്ത്രീകൾ, നിഷ്പക്ഷ വോട്ടർമാർ എന്നിവർക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നുള്ളത് ശക്തമായ ഇടത് വോട്ട് ബേസ് ഉള്ള ബേപ്പൂരിൽ റിയാസിന് കൂടുതൽ കരുത്ത് പകരുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്.

കൂടുതൽ വികസനങ്ങൾ കൊണ്ട് വന്ന എം എൽ എ എന്ന പ്രതിഛായയും റിയാസിന് ഗുണകരമാണ്. കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച പരസ്പര വിരുദ്ധമായ രാഷ്ട്രീയ നിലപാടുകൾ മൂലം അൻവറിനു എതിരായ വികാരം ഒരുവിഭാഗം യുഡിഎഫ് അണികൾക്കിടയിലും സജീവമാണ്. പ്രത്യേകിച്ച്രാഹുൽ ഗാന്ധക്കെതിരെയും വിഡി സതീശനെതിരെയും, പാണക്കാട്ട് തങ്ങൾമാർക്കെതിരെയും ലീഗിനെതിരെയും പ്രയോഗിച്ച അതിരുവിട്ട ആക്ഷേപങ്ങളും മണ്ഡലത്തില്‍ സജീവ ചർച്ചയാക്കി ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.

സിപിഐഎമ്മുമായി ഇടയാനിടയക്കായി പ്രശ്നങ്ങളും 'പിണറായിസം അവസാനിപ്പിക്കും' എന്നത് അടക്കമുള്ള മുദ്രാവാക്യങ്ങളും ഉയർത്തിയാണ് പി വി അന്‍വർ പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. തദ്ദേശ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചതും യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണ്. അതേസമയം, യു ഡി എഫ് താരംഗത്തിലും ഇടതു പക്ഷത്തെ കൈവിടാത്ത ചരിത്രമാണ് ബേപ്പൂരിന് അത്തരം ഒരു മണ്ഡലം പിടിച്ചെടുക്കാൻ മണ്ഡലത്തിന് പുറത്ത് നിന്നും വന്ന ആൾ എന്ന നിലയിൽ അൻവർ പണിപ്പെട്ടേക്കും.

ജില്ലയില്‍ ബിജെപിക്ക് സ്വാധീനമുള്ള ഒരു മണ്ഡലം കൂടിയാണ് ബേപ്പൂർ. കഴിഞ്ഞ തവണ മത്സരിച്ച കെ പി പ്രകാശ് ബാബുവിന് മണ്ഡലത്തില്‍ നിന്നും 26267 വോട്ട് നേടാന്‍ സാധിച്ചിരുന്നു. എന്‍ഡിഎയില്‍ നിന്നും ഇത്തവണയും പ്രകാശ് ബാബുവിന്‍റെ പേര് ഉയർന്ന് കേള്‍ക്കുന്നുണ്ട്. അദ്ദേഹം കോഴിക്കോട് നോർത്തിലേക്ക് മാറുകയാണെങ്കില്‍ വി പി ശ്രീപത്മനാഭന്‍, വി കെ സജീവന്‍ എന്നിവരില്‍ ഒരാള്‍ക്കും നറുക്ക് വീണേക്കാം.

2021 ലെ തെരഞ്ഞെടുപ്പ് ഫലം

  • പി എ മുഹമ്മദ് റിയാസ് – എല്‍ഡിഎഫ് – 82165 (49.73%)
  • പി എം നിയാസ് – യുഡിഎഫ് – 53418 (32.33%)
  • പ്രകാശ് ബാബു – എന്‍ഡിഎ – 26267 (15.90%)
  • ജമാൽ ചാലിയം – എസ്ഡിപിഐ – 2029 (1.23%)
  • കെ കെ അബ്ദുൽ ഗഫൂർ – ബിഎസ്പി – 272 (0.16%)
  • പി പി മുഹമ്മദ് റിയാസ് – സ്വതന്ത്രൻ – 165 (0.10%)
  • ഇ എം നിയാസ് – സ്വതന്ത്രൻ – 162 (0.10%)
  • കെ നിയാസ് – സ്വതന്ത്രൻ – 111 (0.07%)
  • നോട്ട – 621
  • പോൾ ചെയ്ത വോട്ടുകൾ – 165210 (79.41)
  • ഭൂരിപക്ഷം – 28747

ബേപ്പൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ചവർ

  • 2021 മുതല്‍ പിഎ മുഹമ്മദ് റിയാസ് - സിപിഐഎം
  • 2016 -2021 വി.കെ.സി. മമ്മദ് കോയ - സിപിഐഎം
  • 2011 - 2016 എളമരം കരീം - സിപിഐഎം
  • 2006 - 2011 എളമരം കരീം - സിപിഐഎം
  • 2001 - 2006 വി കെ സി മമ്മദ് കോയ - സിപിഐഎം
  • 1996 - 2001 ടി കെ ഹംസ - സിപിഐഎം
  • 1991-1996 ടി കെ ഹംസ - സിപിഐഎം
  • 1987-1991 ടി കെ ഹംസ - സിപിഐഎം
  • 1982-1987 കെ മൂസക്കുട്ടി - സിപിഐഎം
  • 1980-1982 എൻ പി മൊയ്തീൻ - കോണ്‍ഗ്രസ്-യു
  • 1977-1979 എൻ പി മൊയ്തീൻ - കോണ്‍ഗ്രസ്
  • 1970 - 1977 കെ ചാത്തുണ്ണി - സിപിഐഎം
  • 1967 - 1970 കെ ചാത്തുണ്ണി - സിപിഐഎം
  • 1965 - കെ ചാത്തുണ്ണി - സിപിഐഎം*

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

Content Highlights: Discussions are underway regarding probable candidates from major political parties for the Beypore Assembly constituency in the upcoming Kerala elections.

To advertise here,contact us