'എനിക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ പശ്ചാത്താപം തോന്നിയിട്ടുള്ളൂ'; തുറന്നുപറഞ്ഞ് പിണറായി വിജയൻ

'അങ്ങയുടെ ജീവിതത്തിൽ ഏതെങ്കിലും കാര്യത്തിൽ പശ്ചാത്താപം തോന്നിയിട്ടുണ്ടോ?' എന്ന മോഹൻലാലിന്റെ ചോദ്യത്തിനാണ് കോളേജ് പഠന കാലത്തെ സംഭവം അദ്ദേഹം ഓർത്തെടുത്തത്.

ജീവിതത്തിൽ ഒരിക്കൽ മാത്രമേ തനിക്ക് പശ്ചാത്താപം തോന്നിയിട്ടുള്ളുവെന്ന് 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞ് പിണറായി വിജയൻ. 'അങ്ങയുടെ ജീവിതത്തിൽ ഏതെങ്കിലും കാര്യത്തിൽ പശ്ചാത്താപം തോന്നിയിട്ടുണ്ടോ?' എന്ന മോഹൻലാലിന്റെ ചോദ്യത്തിനാണ് കോളേജ് പഠന കാലത്തെ സംഭവം അദ്ദേഹം ഓർത്തെടുത്തത്.

'കോളേജ് പഠന കാലത്ത് എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. നല്ല അടുത്തൊരു സുഹൃത്ത്. നല്ല കാശുള്ള ഒരു സായിപ്പിന്റെ മകനായിരുന്നു ആ വിദ്വാന്‍. കുപ്പായത്തിന്റെ പോക്കറ്റിൽ നൂറിന്റെ നോട്ടുകൾ വരെ ഉണ്ടായിരുന്ന ധനികന്‍,' അദ്ദേഹം പറഞ്ഞു തുടങ്ങി. തന്നെ ആ സുഹൃത്തിന് വലിയ കാര്യമായിരുന്നു. എന്നാൽ, അവൻ ഒരിക്കൽ മദ്യപാനത്തിന്റെ പിടിയിലായെന്നും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പലയാവർത്തി ശ്രമിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. മദ്യം ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞെങ്കിലും അവൻ ഒരു നിയന്ത്രണവും ഇല്ലാതെ മദ്യപാനം തുടർന്നു. അന്ന് താൻ ആ സുഹൃത്തുമായുള്ള ബന്ധം വിച്‌ഛേദിച്ചെന്നും എന്നാൽ ആ തീരുമാനം തെറ്റായിരുന്നെന്ന് പിന്നീട് തോന്നിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ഈ ഒരു സംഭവം തന്നെ വല്ലാതെ കുറ്റബോധത്തിലേക്ക് നയിച്ചിരുന്നു. ഒരുപക്ഷെ താൻ അന്ന് ആ ബന്ധം വിച്‌ഛേദിച്ചിരുന്നിലായിരുന്നെങ്കില്‍ ഇത്രയും ഒരു മോശം അവസ്ഥയിലേക്ക് അവൻ പോകില്ലായിരുന്നു എന്നാണ് തോന്നുന്നതെന്നും അദ്ദേഹം മനസ് തുറന്നു. താനുമായുള്ള അവന്റെ സൗഹൃദം അവസാനിച്ച ശേഷം അവൻ വളരെ മോശം അവസ്ഥയിലേക്ക് പോയെന്നും, മദ്യപിച്ച് വഴിവക്കിൽ ഇരിക്കുന്ന നിലയിലേക്ക് വരെ അവൻ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlight: Pinarayi Vijayan openly admits that he only felt regret once in his life

To advertise here,contact us