കേരളത്തില്‍ പുരോഗമന മുന്നേറ്റത്തിന്റെ മൂന്നാമൂഴം ജനങ്ങള്‍ ആഗ്രഹിക്കുന്നു; എം മുകുന്ദന്‍

ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും എം മുകുന്ദന്‍ പറഞ്ഞു

ദുബായ്:കേരളത്തില്‍ പുരോഗമന മുന്നേറ്റത്തിന്റെ മൂന്നാമൂഴം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എം മുകുന്ദന്‍. വര്‍ത്തമാന രാഷ്ട്രീയ കാലത്ത് കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും എം മുകുന്ദന്‍ പറഞ്ഞു. ഓര്‍മ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2026-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇടത് സര്‍ക്കാരിനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കറും രംഗത്തെത്തിയിരുന്നു. പത്ത് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിട്ടില്ലെന്നും അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജീവിയന്‍ മാര്‍ഗമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ ഒരു കമ്മീഷനെ ചൈനയിലേക്ക് അയക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മില്‍ ചേരുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടെന്നും സിപിഐഎമ്മിലേക്ക് തന്നെ ക്ഷണിക്കില്ലെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ മറുപടി. താന്‍ കോണ്‍ഗ്രസാണെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: People want a third of progressive movement in Kerala said M Mukundan

To advertise here,contact us