മലപ്പുറം: വിമര്‍ശനങ്ങളെ അതിജീവിച്ച് മുന്നേറിയ പാരമ്പര്യമാണ് എംഎസ്എഫിനുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിമര്‍ശിക്കുമ്പോഴും കൂടുതല്‍ ശക്തമാവുന്ന പ്രസ്ഥാന വളര്‍ച്ചയാണ് സംഘടനക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങള്‍.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നന്മയുടെ സന്ദേശമുയര്‍ത്തി എംഎസ്എഫ് എന്ത് പദ്ധതികള്‍ ആവിഷ്ക്കരിച്ചാലും എതിരാളികള്‍ തലപൊക്കും. സിഎച്ച് പറഞ്ഞത് പോലെ അടിച്ചമര്‍ത്തും തോറും വളരുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. സമാനമാണ് അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്കൂള്‍ തലത്തില്‍ തുടക്കമിട്ട ഈ വിദ്യാര്‍ത്ഥി മുന്നേറ്റം ഇന്ന് ദേശീയ തലത്തില്‍ ക്യാമ്പസുകളില്‍ യൂണിയന് തലത്തിലേക്ക് നമ്മള് മാറ്റിയെഴുതി. ക്യാമ്പസുകളില്‍ മൂല്യങ്ങളെ കാറ്റില്‍ പറത്തിയ പാരമ്പര്യം നമുക്കില്ല. ധാര്‍മ്മികതയുടെയും മൂല്യബോധത്തിന്റെയും പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. സിഎച്ചും സീതി സാഹിബും ഉയര്‍ത്തിയ ആദര്‍ശ ബോധത്തെയാണ് നമ്മള് അവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. അതില്‍ വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരായി. ലോകത്തിന്റെ നാനാഭാഗങ്ങളിലും നമ്മുടെ മക്കള്‍ ഉണ്ട്. അവിടെ പല പ്രമുഖ കമ്പനികളുടെ അധിപന്മാരായി അവര്‍ ജ്വലിച്ചു നില്ക്കുമ്പോള് അവര്‍ക്ക് അടിത്തറ പാകിയ മുസ്ലിം ലീഗിന് ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: MSF's Tradition of Overcoming Criticisms and Progressing: Sadiq Ali Shihab Thangal