'ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ':എലത്തൂരിലെ യുവതിയുടെ അവസാന സന്ദേശം ലഭിച്ചു, വഴിത്തിരിവ്

വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെയാണ് വൈശാഖന്‍ യുവതിയെ കൗണ്‍സലിംഗിന് വിധേയയാക്കിയത്

കോഴിക്കോട്: മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാല്‍ അതിന് കാരണം വൈശാഖന്‍ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തില്‍ യുവതി പറഞ്ഞത്. മരിക്കുന്ന ദിവസം രാവിലെ 9.20-ന് വാട്ട്‌സ്ആപ്പിലൂടെയാണ് യുവതി സൈക്കോളജസ്റ്റിന് സന്ദേശമയച്ചത്.

16 വയസ് മുതല്‍ താന്‍ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തില്‍ പറഞ്ഞു. കേസില്‍ സൈക്കോളജിസ്റ്റ് മുഖ്യസാക്ഷിയാകും. കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് ഇത്തരമൊരു വാട്ട്‌സാപ്പ് സന്ദേശം വന്ന കാര്യം അവര്‍ പൊലീസിനോട് പറഞ്ഞത്. ഔദ്യോഗിക നമ്പറിലേക്കാണ് സന്ദേശം വന്നത്. നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ വൈകിപ്പോയി. വൈകുന്നേരമാണ് മൊബൈല്‍ നോക്കിയത്. അപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെയാണ് വൈശാഖന്‍ യുവതിയെ കൗണ്‍സലിംഗിന് വിധേയയാക്കിയത്.

കേസിലെ പ്രതി വൈശാഖനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നല്‍കിയതിന് ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ആണ്‍സുഹൃത്തായ വൈശാഖന്‍ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുക ആയിരുന്നുവെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖനും യുവതിയും തമ്മില്‍ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖന്‍ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തില്‍ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Content Highlights: 'if I get killed, Vaisakhan will be responsible': Elathur woman's last message to psychology counselor

To advertise here,contact us