എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന പരാമര്‍ശം വെറും ജല്‍പനം: പിഎംഎ സലാം

'സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ല. ഇതൊക്കെ പറയുന്ന ആളും പറയിക്കുന്ന ആളും എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം'

മലപ്പുറം: എസ്എന്‍ഡിപി, എന്‍എസ്എസ് ഭിന്നിപ്പിന് കാരണം മുസ്‌ലിം ലീഗ് ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം വെറും ജല്‍പ്പനം മാത്രമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഇത്തരം ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കുന്നുവെന്നും പ്രകോപിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആ വലയില്‍ മുസ്ലിം ലീഗ് വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു.

സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ല. ഇതൊക്കെ പറയുന്ന ആളും പറയിക്കുന്ന ആളും എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം. പൊന്നാട അണിയിച്ച് കാറില്‍ കയറ്റിക്കൊണ്ടുവന്ന് വെള്ളാപ്പള്ളിയെക്കൊണ്ട് ഇത് പറയിപ്പിക്കുന്നതാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. സിപിഐഎമ്മിന്റെ പിന്തുണയോടെയാണ് വെള്ളാപ്പള്ളി ഇതൊക്കെ പറയുന്നത്. അതിന്റെ ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. നായാടി മുതല്‍ നസ്രാണി വരെയെന്ന മുദ്രാവാക്യം നരേന്ദ്രമോദി ഇത്രയും കാലം ചെയ്തതാണെന്നും ഇത്തരം അഭിപ്രായങ്ങള്‍ സമൂഹത്തിന് ദോഷകരമാണെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടേതിന് സമാനമായ അഭിപ്രായം ആര് പറഞ്ഞാലും അത് സമൂഹത്തിന് ദോഷമാണെന്നും സലാം പറഞ്ഞു.

നായാടി മുതൽ നമ്പൂതിരി വരെയെന്ന കൂട്ടായ്മ നേരത്തെ എസ്എന്‍ഡിപി ഉയര്‍ത്തിയിരുന്നുവെന്നും എന്നാല്‍ നായര്‍, ഈഴവ ഐക്യത്തോട് ലീഗ് അസംതൃപ്തി പ്രകടിപ്പിച്ചുവെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ആ യോജിപ്പ് സമൂഹത്തിന് നല്ലതല്ലെന്നും അവര്‍ സവര്‍ണ ഫാസിസ്റ്റ് ആണെന്നും സവര്‍ണാധിപത്യവും ചാതുര്‍വര്‍ണ്യവും പുനഃസ്ഥാപിക്കുന്നവരാണെന്നും ലീഗ് പറഞ്ഞതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'എല്‍ഡിഎഫ് ഭരണകാലമായിരുന്നു അത്. നമ്മുടെ ഭരണം വരുമെന്ന് മുസ്ലിം ലീഗ് പറഞ്ഞു. ഭരണം മാറിയപ്പോള്‍ സംവരണം അടക്കം ഒരു ചുക്കും അവര്‍ക്ക് ചെയ്യാനായില്ല. സംവരണം പറഞ്ഞ് എന്നെ കൊണ്ടുനടന്നു. ഞാന്‍ പിറകെപോയി എന്നത് സത്യമാണ്. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായി. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തെറ്റിച്ചത് ലീഗ് നേതൃത്വമാണ്. ഞങ്ങളെ അകറ്റി നിര്‍ത്തി ഈ പണികളെല്ലാം ചെയ്തു. അവഗണന മാത്രമാണ് നേരിട്ടത്.', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

താന്‍ മുസ്ലിംവിരോധിയല്ല. മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം വക്രീകരിച്ച് തന്നെ വര്‍ഗീയവാദിയാക്കി. മുസ്ലിം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെയാണ് എതിര്‍ത്ത്. ആടിനെ പേപ്പട്ടിയാക്കി തന്നെ തല്ലിക്കൊല്ലാന്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇടതുപക്ഷം വന്നതില്‍പിന്നെ ഇവിടെ മാറാട് കലാപം ഉണ്ടായിട്ടില്ലല്ലോയെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇക്കാര്യം പറയുന്ന തന്നെ വര്‍ഗീയവാദിയാക്കിയെന്നും ആരോപിച്ചു.

Content Highlights: sndp nss unity pma salam Reply to vellappally Natesan

To advertise here,contact us