ബേപ്പൂരിൽ അൻവർ തുടങ്ങിയോ?; കാറ്റ് കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ലെന്ന കുറിപ്പോടെ വീഡിയോ

നിയമസഭാ തെരഞ്ഞെടുപ്പിൽ പി വി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇത്തരത്തിലൊരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം

ബേപ്പൂരിൽ അൻവർ തുടങ്ങിയോ?; കാറ്റ് കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ലെന്ന കുറിപ്പോടെ വീഡിയോ
dot image

കോഴിക്കോട്: ബേപ്പൂർ ബീച്ചിൽ എത്തി ജനങ്ങളുമായി കുശലം പങ്കിടുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് പി വി അൻവർ. കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടീം യുഡിഎഫ്, ബേപ്പൂർ എന്നീ ഹാഷ്ടാ​ഗുകളും വീ‍ഡിയോയിൽ ആഡ് ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പി വി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇത്തരത്തിലൊരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

നേരത്തെ അൻവറിനെ യുഡിഎഫിൻ്റെ ഭാ​ഗമാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ളക്സുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ കോഴിക്കോട് ബേപ്പൂരില്‍ മത്സരിക്കണമെന്ന നിര്‍ദേശം യുഡിഎഫ് നേതൃത്വം മുന്നോട്ട് വെച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മണ്ഡലത്തില്‍ സജീവമാകാന്‍ അന്‍വറിന് യുഡിഎഫ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നും അതിനായി കോഴിക്കോട് ഡിസിസിയും അന്‍വറിന് മേൽ സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു റിപ്പോർട്ടുകൾ. ബേപ്പൂരില്‍ മാത്രമല്ല കേരളത്തില്‍ എവിടെയും മത്സരിക്കാന്‍ യോഗ്യതയും അര്‍ഹതയുമുള്ള നേതാവാണ് അൻവർ എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര് മത്സരിച്ചാലും ബേപ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രിയും ബേപ്പൂരിലെ സിറ്റിം​ഗ് എംഎൽഎയുമായ മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു. ബേപ്പൂരിൽ യുഡിഎഫിന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാം. ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും അവിടെ വിജയിക്കുകയെന്നായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ പി വി അന്‍വര്‍ പറഞ്ഞിരുന്നു.

Content Highlights: P V Anvar Started Campaign in Beypore 2026 Election

dot image
To advertise here,contact us
dot image