ലത്തീൻ സഭ ശബ്ദമുയർത്തിയപ്പോൾ കൊച്ചി മേയർ പദവി ലഭിച്ചു: വി കെ മിനിമോൾ

മിനിമോളുടെ പരാമർശത്തിൽ തെറ്റില്ലെന്ന് വർഗീസ് ചക്കാലക്കൽ

എറണാകുളം: കൊച്ചി കോർപ്പറേഷൻ മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ പിന്തുണച്ചുവെന്ന് വി കെ മിനിമോൾ. ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തിൽ ഉയർന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയർ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമായിരുന്നു കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലിയിൽ മേയറുടെ പരാമർശം. സഭാ നേതാക്കൾക്ക് നന്ദി പറഞ്ഞ മിനിമോൾ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും പറഞ്ഞിരുന്നു.

അതേസമയം വി കെ മിനിമോളുടെ പരാമർശത്തിൽ തെറ്റില്ലെന്ന് കെആർഎൽസിസി അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ പറഞ്ഞു. മിനിമോൾക്ക് സഭ പിന്തുണ നൽകിയിട്ടുണ്ടാകും. അത് തെറ്റാണെന്ന് തോന്നുന്നില്ല. ഒരാൾ വളർന്നു വരാൻ പിന്തുണ നൽകുന്നതാവാമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മേയർ പറഞ്ഞതിൽ തെറ്റില്ലെന്നും ലത്തീൻ സമുദായത്തിന്റെ ആഗ്രഹം രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കെആർഎൽസിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ് റിപ്പോർട്ടറിനോട്‌ പറഞ്ഞു. സമ്മർദമല്ല, പ്രാതിനിധ്യത്തിനായുള്ള ആഗ്രഹമാണ് അറിയിച്ചത്. കരയുന്ന കുഞ്ഞിനേ ജനാധിപത്യത്തിൽ പാലുള്ളൂ. അർഹമായ പ്രാതിനിധ്യമാണ് ചോദിച്ചത്. പ്രാതിനിധ്യത്തിനായി ഇനിയും ശബ്ദം ഉയർത്തും. രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞു ചെയ്യുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായത്തിന് അർഹതപ്പെട്ട പ്രാതിനിധ്യത്തിനായി സംസാരിച്ചിട്ടുണ്ടാകാം എന്നാൽസമ്മർദ നീക്കമല്ല എന്നായിരുന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ഷെറി ജെ തോമസിന്റെ പ്രതികരണം.

കൊച്ചി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വങ്ങളും ഭിന്നാഭിപ്രായങ്ങളും ഉയർന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് യുഡിഎഫ് ഉയർത്തിക്കാണിച്ചിരുന്നതെങ്കിലും പിന്നീട് മിനിമോളെ മേയറാക്കുകയായിരുന്നു.

Content Highlights : VK Minimol says Latin sabha supported her to get the post of Kochi Corporation Mayor

To advertise here,contact us