തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസ്സിൽ അഴിച്ചുപണിക്ക് നേതൃത്വം. പ്രവർത്തന രംഗത്ത് ഇല്ലാത്ത ഭാരവാഹികളെ ഒഴിവാക്കാനാണ് നീക്കം. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. മുപ്പതിലേറെ സംസ്ഥാന ഭാരവാഹികളെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നിർജ്ജീവമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുദ്ധകാല അടിസ്ഥാനത്തിൽ സംഘടന സജീവമാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേശീയ അധ്യക്ഷൻ കേരളത്തിലേക്കെത്തും. ഫെബ്രുവരി ആദ്യവാരമായിരിക്കും ദേശീയ അധ്യക്ഷൻ സംസ്ഥാനത്ത് എത്തുക. സംഘടന സജീവമാക്കിയില്ലെങ്കിൽ കൂട്ട നടപടിക്ക്വരെ നേതൃത്വം ആലോചിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിലെ പ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തിൽ യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സർക്കാരിനെതിരായ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും യൂത്ത് കോൺഗ്രസ് സജീവമാകുന്നില്ല. പല നേതാക്കളും സംഘടനയിൽ സജീവമല്ല. സംസ്ഥാന ഭാരവാഹികൾ പോലും കൃത്യമായി യോഗത്തിൽ പങ്കെടുക്കുന്നില്ല. ചുമതലകൾ നിറവേറ്റുന്നില്ല എന്നീ വിലയിരുത്തലിൽ യോഗം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിൽ അഴിച്ചുപണി നടത്താൻ ദേശീയ നേതൃത്വം നീങ്ങുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി ഉയർന്നതിന് ശേഷമാണ് സംഘടന ദുർബലമായതും സംഘടനയ്ക്ക് അകത്ത് അഭിപ്രായ ഭിന്നതകൾ ഉയർന്നതും. രാഹുൽ മാങ്കൂട്ടത്തിലിനെ സംഘടനയുടെ അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയതിന് പിന്നാലെ പുതിയ അധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചിരുന്നു.
Content Highlights : congress planning to restructure kerala state youth congress