തിരുവനന്തപുരം: എല്ലാത്തിന്റെയും അധീനത ദേവസ്വം ബോർഡിനാണെന്നും ബോർഡിന്റെ നിർദേശപ്രകാരമാണ് കട്ടിളപ്പാളികൾ കൊണ്ടുപോയതെന്നും തന്ത്രി കണ്ഠരര് രാജീവരുടെ അഭിഭാഷകൻ സി ഡി അനിൽ റിപ്പോർട്ടറിനോട്. മൊഴി കൊടുക്കുന്നതിന്റെ ഭാഗമായി ഒപ്പിടാൻ ആയാണ് രാവിലെ കണ്ഠരര് രാജീവരെ വിളിച്ചുവരുത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം നിഷേധിക്കത്തക്ക നിലയിൽ വൈകിട്ട് എട്ട് മണിക്ക് ശേഷമാണ് അദ്ദേഹത്തെ കോടതിക്ക് മുന്നിൽ ഹാജരാക്കിയതെന്നും അഭിഭാഷകൻ ആരോപിച്ചു.
ആചാര ലംഘനം നടത്തി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. ആചാര ലംഘനം നടത്തുക എന്നത് ഇന്ത്യൻ പീനൽകോഡ് പ്രകാരമോ, പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരമോ കുറ്റകരമല്ലെന്നും അഭിഭാഷകൻ പറഞ്ഞു. കണ്ഠരര് രാജീവരുടെ മൗനാനുവാദം ഉള്ളതുകൊണ്ടാണ് കട്ടിളപ്പാളി കൊണ്ടുപോയത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസ് മാന്വൽ പ്രകാരം തന്ത്രി ദേവസ്വം ബോർഡിന്റെ കീഴിൽവരുന്ന ആളാണ്. ദേവസ്വം ബോർഡ് ചെന്നൈയിലേക്ക് വസ്തു കൊണ്ടുപോകുന്നതിനെ എതിർത്തില്ല എന്നതാണ് അദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്. എല്ലാത്തിന്റെയും അധീനത ദേവസ്വം ബോർഡിനാണ്. ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് കട്ടിളപ്പാളികൾ കൊണ്ടുപോയത്. കട്ടിളപ്പാളിയും ദ്വാരപാലകശിൽപവും സംബന്ധിച്ച് മുരാരി ബാബുവിന് തന്ത്രി കത്ത് കൊടുത്തിട്ടുണ്ട്. അതിൽ സ്വർണം പൂശിയ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയത്. പിന്നീടാണ് സ്വർണം പൂശിയ ചെമ്പ് എന്നത് ചെമ്പായി മാറിയത്. അങ്ങനെ ഒരാൾക്കെതിരെ എങ്ങനെ ഇത്തരത്തിൽ ഒരു കുറ്റം നിലനിൽക്കുമെന്ന് അഭിഭാഷകൻ ചോദിച്ചു.
കട്ടിളപ്പാളികൾ ഒരു സുപ്രഭാതത്തിൽ വെറുതെ അഴിച്ചുകൊണ്ടുപോയതല്ല. തന്ത്രിയുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിൽ കേടുപാടുകൾ പരിഹരിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡാണ് തീരുമാനം എടുത്തത്. അതിലാണ് അട്ടിമറി നടന്നത്. അതിൽ തന്ത്രിയുടെ റോൾ എന്താണ്. പത്മകുമാറിന്റെയോ കേസിലെ മറ്റേത് പ്രതികളുടെയോ റിമാൻഡ് റിപ്പോർട്ടിലൊന്നും തന്നെ തന്ത്രിക്കെതിരെ പരാമർശമില്ല. കട്ടിളപ്പാളി കൊണ്ടുപോകുന്നതിന് ദേവന്റെ അനുജ്ഞ വാങ്ങിയില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. അത് ദേവനും തന്ത്രിയും തമ്മിൽ ഉള്ളത് ആണ്. അത് എങ്ങനെ രേഖപ്പെടുത്തുമെന്നും സി ഡി അനിൽ പറഞ്ഞു. കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ 13ന് കോടതി പരിഗണിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിന്നാലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി. ഈ മാസം 23 വരെയൊണ് റിമാൻഡ് കാലാവധി.
Content Highlights : tantri Kandararu Rajeevaru remand on sabarimala gold theft case; Advocate reaction