തിരുവനന്തപുരം: സിപിഐഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില് ചേർന്നതിന് പിന്നാലെ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. ജനാധിപത്യ സംവിധാനത്തിൽ ആർക്കും ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും റെജി ലൂക്കോസിനും അതിന് സ്വാതന്ത്ര്യം ഉണ്ടെന്നും വി എൻ വാസവൻ പറഞ്ഞു. റെജി പാർട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല. അക്കരപ്പച്ച കണ്ടു പോകുന്നവർ എല്ലായിടത്തും ഉണ്ട്. ഇത്തരം കൊഴിഞ്ഞുപോക്ക് ഇടതുമുന്നണിയെ ബാധിക്കില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും വി എൻ വാസവൻ പറഞ്ഞു. വികസനവും ക്ഷേമവുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
റെജി ലുക്കോസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ നിങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാണ് റെജിയെന്നും പി രാജീവ് പറഞ്ഞു. പാർട്ടി ഘടകങ്ങളിലില്ലത്ത ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ടു വിളിക്കാം. കോൺഗ്രസിൽ നിന്ന് പോയവരും പോകാൻ നിൽക്കുന്നവരും സഹയാത്രികരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല് കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം സിപിഐഎം വര്ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു'കുറെ നാളുകളായി എനിക്ക് ക്ഷണമുണ്ട്. ഇന്നുമുതല് എന്റെ ആശയങ്ങള് ബിജെപിക്കൊപ്പമാണ്. പാര്ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിട്ടു. ഇന്ന് ഈ നിമിഷം മുതല് എന്റെ വാക്കുകളും പ്രവര്ത്തികളും ബിജെപിക്കുവേണ്ടിയാണ്', റെജി ലൂക്കോസ് കൂട്ടിച്ചേർത്തു.
Content Highlight : Reji was not a person who held any position in the party, there are people everywhere who go to see Akkarapacha; VN Vasavan