'ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്, ചർച്ചകൾ സൗഹാർദ്ദ അന്തരീക്ഷത്തിൽ നടക്കും'; പിഎംഎ സലാം

തെരഞ്ഞെടുപ്പിൽ അധികം സീറ്റുകൾ ആവശ്യപ്പെടുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കിയിരുന്നു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റുകൾ ലഭിക്കാൻ അർഹതയുണ്ട് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മുന്നണി യോഗത്തിൽ സീറ്റുകൾ സംബന്ധിച്ചുള്ള അവകാശവാദം ഉന്നയിക്കുമെന്നും സൗഹാർദ്ദ അന്തരീക്ഷത്തിൽ തന്നെ ചർച്ചകൾ നടക്കുമെന്നും സലാം പറഞ്ഞു. യുഡിഎഫിൽ ജനുവരി 15ന് മുൻപായി സിറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.

നിരന്തരം വർഗീയ പരാമർശം നടന്ന വെള്ളാപ്പള്ളി നടേശനെതിരെയും പി എം എ സലാം രംഗത്തുവന്നു. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം എന്നും ഇതേ നിലപാട് അദ്ദേഹം തുടർന്നാൽ അതിന്റെ ഗുണം യുഡിഎഫിന് ലഭിക്കുമെന്നും സലാം കൂട്ടിച്ചേർത്തു. തദേശ തെരഞ്ഞെടുപ്പിലെ ജനവിധി വലിയ ഉത്തരവാദിത്വമാണെന്നും സലാം പറഞ്ഞു.

നേരത്തെ, തെരഞ്ഞെടുപ്പിൽ അധികം സീറ്റുകൾ ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട് എന്നും കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നിലവിൽ ലീഗിന്റെ കൈവശമുള്ള സീറ്റുകൾ വെച്ചുമാറില്ലെന്നും തങ്ങൾ വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ, തിരുവമ്പാടി, കുന്ദമംഗലം, പേരാമ്പ്ര സീറ്റുകളൊന്നും വെച്ചുമാറില്ല. നിലവിലെ സീറ്റുകൾ നിലനിർത്താനാണ് ലീഗ് ആഗ്രഹിക്കുന്നത്. അർഹതപ്പെട്ട സീറ്റുകളിലേക്ക് കൂടി ചർച്ചകളിൽ ആവശ്യമുന്നയിക്കുമെന്ന് തങ്ങൾ വ്യക്തമാക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന നിർബന്ധമില്ലെന്നും തങ്ങൾ വ്യക്തമാക്കിയിരുന്നു. എംഎൽഎമാരുടെ കാര്യത്തിൽ മൂന്ന് ടേം നിർബന്ധമാക്കിയിട്ടില്ല. എന്നാൽ ചില മണ്ഡലങ്ങളിൽ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി, യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകുമെന്നുമാണ് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയത്.

Content Highlights: PMA Salam says Muslim League will damand more seats on Kerala State Assembly Elections 2026

To advertise here,contact us