'വെനസ്വേലയില്‍ അമേരിക്ക നടത്തുന്നത് കൊടുംക്രൂരത'; അമേരിക്കക്കെതിരായ ചേരിയില്‍ ഇന്ത്യ നിലകൊള്ളണമെന്ന് കാന്തപുരം

അതേസമയം, നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റെടുത്തു.

കോഴിക്കോട്: വെനസ്വേലയില്‍ അമേരിക്ക നടത്തുന്നത് കൊടുംക്രൂരതയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അമേരിക്കക്കെതിരായ ചേരിയില്‍ ഇന്ത്യ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച 'കേരള യാത്ര' കോഴിക്കോടെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റെടുത്തു. വെനസ്വേലന്‍ സുപ്രീംകോടതിയുടെ ഭരണഘടന ചേംബര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വെനസ്വേലന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരം പ്രസിഡന്റിന്റെ ആഭാവത്തില്‍ പകരം ചുമതല വൈസ് പ്രസിഡന്റിനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ധനകാര്യ, എണ്ണ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് ഡെല്‍സി റോഡ്രിഗസായിരുന്നു.

മഡുറോയ്ക്കെതിരായ നടപടിക്ക് പിന്നാലെ ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തില്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കം യോഗത്തില്‍ പങ്കെടുത്തു. മഡുറോയ്ക്കെതിരായ നടപടിയെ യോഗം ശക്തമായി അപലപിച്ചു. മഡുറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും ഉടന്‍ വിട്ടയക്കണ് യോഗം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും ഡെല്‍സി പറഞ്ഞിരുന്നു. നടപടിയെ വെനസ്വേലന്‍ ജനത തള്ളിക്കളയണം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യന്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഡെല്‍സി ആവശ്യപ്പെട്ടിരുന്നു.

മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമായി രാജ്യത്ത് അധിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ഡിസംബര്‍ 3ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. മഡുറോയെയും സീലിയയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മറുഡോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

Content Highlights: Kanthapuram A P Aboobacker Musliyar stated that the actions carried out by the United States in Venezuela amount to extreme cruelty

To advertise here,contact us