തിരുവനന്തപുരം: കര്ണാടകയിലെ ബുള്ഡോസര് രാജിനെതിരെ കേരളത്തിലെ സിപിഐഎം പ്രവര്ത്തകര് പ്രതിഷേധിച്ചതില് വ്യാജ വാര്ത്ത പ്രചരിപ്പിച്ച മീഡിയ വണ്ണിനെതിരെ രൂക്ഷ വിമര്ശനവുമായി മന്ത്രി പി രാജീവ്. മീഡിയ വണ്ണിൻ്റെ പേരെടുത്ത് പറഞ്ഞാണ് മന്ത്രി പി രാജീവ് രൂക്ഷ വിമര്ശനം ഉന്നയിച്ചത്. കര്ണാടകയിലെ യെലഹങ്കയില് കോണ്ഗ്രസ് സര്ക്കാര് നടത്തിയ ബുള്ഡോസര് രാജിനെതിരെ കേരളത്തിലെ നേതാക്കള് അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്ണാടകയിലെ സിപിഐഎം അറിയിച്ചു എന്നായിരുന്നു മാധ്യമവാര്ത്തയെന്നും ബുള്ഡോസര് രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാന് ഇത്രയും ഹീനമായി രംഗത്തിറങ്ങാന് എങ്ങനെ സാധിക്കുന്നുവെന്നും പി രാജീവ് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് പറഞ്ഞു. ആ വാര്ത്ത നുണയാണെന്ന പ്രസ്താവന സിപിഐഎം കര്ണാടക സംസ്ഥാന സെക്രട്ടറി തന്നെ പുറത്തിറക്കി. ആ സ്ഥിതിക്ക് ഖേദപ്രകടനം നടത്തുക എന്ന മര്യാദയെങ്കിലും നുണ പ്രചരിപ്പിച്ചവര് കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യെലഹങ്ക വിഷയത്തിന് പുറമേ സോഷ്യല് മീഡിയയില് അടക്കമുള്ള മറ്റൊരു നുണപ്രചാരണവും മന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. എംഎല്എ ഓഫീസിനായി എം എല് എമാര്ക്ക് 25000 രൂപ അലവന്സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണമാണതെന്ന് മന്ത്രി പറയുന്നു. സംഘപരിവാറിന്റെ നുണഫാക്ടറിയില് നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ കള്ളം. സത്യത്തില് അങ്ങനൊരു അലവന്സ് എംഎല്എമാര്ക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവന്സും എംഎല്എമാര്ക്ക് നല്കുന്ന നാടുകളിലൊന്ന് കേരളമാണ്. മാസ അലവന്സും മണ്ഡലം അലവന്സും യാത്രാ അലവന്സും ടെലിഫോണ് അലവന്സും ഇന്ഫര്മേഷന് അലവന്സും മറ്റ് അലവന്സുകളും ചേര്ത്ത് 70,000 രൂപയാണ് ഇവര്ക്ക് ലഭിക്കുക. ഇതുവച്ചാണ് മണ്ഡലത്തിലെ എല്ലാ പരിപാടികള്ക്കും പങ്കെടുക്കുന്നതും ചെറിയ സഹായങ്ങള് ഉറപ്പ് വരുത്തുന്നതും ജീവിതച്ചെലവ് വഹിക്കുന്നതും ഓഫീസുള്പ്പെടെ നടത്തിക്കൊണ്ടുപോകുന്നതും. എന്നാല് ബിജെപി ഫാക്ടറിയില് നിന്ന് മുട്ടയിട്ട നുണകള് പെറ്റുപെരുകിക്കൊണ്ടേയിരിക്കുകയാണ്. അവര്ക്ക് സത്യം പറഞ്ഞുള്ള ജീവിതം അസാധ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവര്ത്തി പല വേഷത്തില് ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എം എല് എ ഓഫീസിനായി എം എല് എമാര്ക്ക് 25000 രൂപ അലവന്സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയില് നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ കള്ളം. സത്യത്തില് അങ്ങനൊരു അലവന്സ് എം എല് എമാര്ക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവന്സും എംഎല്എമാര്ക്ക് നല്കുന്ന നാടുകളിലൊന്ന് കേരളമാണ്. മാസ അലവന്സും മണ്ഡലം അലവന്സും യാത്രാ അലവന്സും ടെലിഫോണ് അലവന്സും ഇന്ഫര്മേഷന് അലവന്സും മറ്റ് അലവന്സുകളും ചേര്ത്ത് 70000 രൂപയാണ് ഇവര്ക്ക് ലഭിക്കുക. ഇതുവച്ചാണ് മണ്ഡലത്തിലെ എല്ലാ പരിപാടികള്ക്കും പങ്കെടുക്കുന്നതും ചെറിയ സഹായങ്ങള് ഉറപ്പ് വരുത്തുന്നതും ജീവിതച്ചിലവ് വഹിക്കുന്നതും ഓഫീസുള്പ്പെടെ നടത്തിക്കൊണ്ടുപോകുന്നതും. എന്നാല് ബിജെപി ഫാക്ടറിയില് നിന്ന് മുട്ടയിട്ട നുണകള് പെറ്റുപെരുകിക്കൊണ്ടേയിരിക്കുകയാണ്. അവര്ക്ക് സത്യം പറഞ്ഞുള്ള ജീവിതം അസാധ്യമാണ്.
മറ്റൊന്ന് മീഡിയ വണ്ണിന്റെ വാര്ത്തയാണ്. കര്ണാടകയിലെ യലഹങ്കയില് കോണ്ഗ്രസ് സര്ക്കാര് നടത്തിയ ബുള്ഡോസര് രാജിനെതിരെ കേരളത്തിലെ നേതാക്കള് അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്ണാടകയിലെ സിപിഐ എം അറിയിച്ചു എന്നാണ് മീഡിയ വണ് വാര്ത്ത. ബുള്ഡോസര് രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാന് ഇത്രയും ഹീനമായി രംഗത്തിറങ്ങാന് എങ്ങനെ സാധിക്കുന്നു എന്നേ ചോദിക്കാനുള്ളൂ. ആ വാര്ത്ത നുണയാണെന്ന പ്രസ്താവന സിപിഐ എം കര്ണാടക സംസ്ഥാന സെക്രട്ടറി തന്നെ പുറത്തിറക്കിയ സ്ഥിതിക്ക് ഖേദപ്രകടനം നടത്തുക എന്ന മര്യാദയെങ്കിലും നുണ പ്രചരിപ്പിച്ച മാധ്യമങ്ങള് കാണിക്കണം.
കര്ണാടകയിലെ കൊഗിലുവില് ബുള്ഡോസര് ഉപയോഗിച്ച് കെട്ടിടങ്ങള് തകര്ത്ത സംഭവത്തില് ഇരകളായവരെ സന്ദര്ശിക്കാന് കേരളത്തിലെ സിപിഐഎം നേതാക്കള് എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ പ്രചാരണം. കേരളത്തിലെ നേതാക്കളുടെ സന്ദര്ശനത്തില് കര്ണാടക സിപിഐഎം എതിര്പ്പറിയിച്ചു എന്നായിരുന്നു വാര്ത്ത. ഇതിനെതിരെ കര്ണാടക സിപിഐഎം തന്നെ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്നത് വ്യാജ വാര്ത്തയാണെന്നും തിരുത്തണമെന്നുമായിരുന്നു സിപിഐഎം കര്ണാടക സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില് വ്യക്തമാക്കിയത്. പാര്ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന നിലയില് വിവാദങ്ങള് സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്താവനയില് പറഞ്ഞിരുന്നു.
Content Highlights- Minister P Rajeev slam media they spreading fake news against kerala cpim over karnataka bulldozer raj