അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഉണ്ടാകും: വി കെ സനോജ്

ബിജെപിയും ആര്‍എസ്എസും നടത്തുന്ന കര്‍സേവ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും വി കെ സനോജ് പറഞ്ഞു

തിരുവനന്തപുരം: അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും രാജ്യത്തെ പാവപ്പെട്ടവര്‍ക്കുവേണ്ടി ചോദിക്കാനും പറയാനും ഉണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എന്തൊക്കെ സംഭവിച്ചാലും പാവപ്പെട്ടവര്‍ക്കായി സംസാരിക്കാനും അനീതിക്കെതിരെ മുഷ്ടി ചുരുട്ടാനും കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഉണ്ടാകുമെന്ന് വി കെ സനോജ് പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ഭരണകൂട ഭീകരത കേരളത്തിലെ മാധ്യമങ്ങള്‍ കണ്ട ഭാവം പോലും നടിച്ചില്ലെന്നും ബിജെപിയും ആര്‍എസ്എസും നടത്തുന്ന കര്‍സേവ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'എന്ത് തെറ്റാണ് ആ പാവപ്പെട്ടവര്‍ ചെയ്തത്? ജെസിബി ഇടിച്ചുകയറ്റി പൂര്‍ണമായും ആളുകളെ തുടച്ചുമാറ്റി തകര്‍ത്തുകളഞ്ഞു. അവര്‍ക്കിനി എങ്ങോട്ട് പോകണമെന്ന് അറിയില്ല. കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപി വിഷയത്തില്‍ പ്രതികരിക്കുന്നുപോലുമില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? കേരളത്തില്‍ കോണ്‍ഗ്രസ് ആദിവാസി ജനതയോട് ചെയ്തത് എന്താണെന്ന് നമുക്കറിയാം. ആന്റണി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. വി ഡി സതീശനും സംഘവും കര്‍ണാടക സന്ദര്‍ശിക്കണം. സിപിഐഎം എല്ലാ കാലത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെയാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. എന്നാല്‍, രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും എന്തൊക്കെ സംഭവിച്ചാലും അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഉണ്ടാകും. അനീതിക്കെതിരെ മുഷ്ടി ചുരുട്ടാന്‍ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഉണ്ടാകും' എന്നും വി കെ സനോജ് പറഞ്ഞു.

കേരളത്തിനെതിരെ കര്‍ണാടകയിലെ സിപിഐഎം രംഗത്തെത്തി എന്നത് വ്യാജ വാര്‍ത്തയാണെന്നും വി കെ സനോജ് പറഞ്ഞു. കര്‍ണാടക സിപിഐഎം കൃത്യമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രചരിക്കുന്നത് പച്ചക്കളളമാണെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസ് സർക്കാർ നടത്തിയത് ബുൾഡോസർ രാജാണെന്ന് സനോജ് നേരത്തെ പറഞ്ഞിരുന്നു.  കോണ്‍ഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുല്‍ ഗാന്ധിയുടെ 'സ്‌നേഹത്തിന്റെ കട' ഇങ്ങനെയൊക്കെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'അടിയന്തരാവസ്ഥാ കാലത്ത് ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്ന ദരിദ്ര മനുഷ്യര്‍ ഡല്‍ഹിയുടെ സൗന്ദര്യം നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഇതുപോലെ ആയിരക്കണക്കിന് മനുഷ്യരുടെ കൂരകള്‍ ഇല്ലാതാക്കി അപ്പാവികളായ മനുഷ്യരെ ആട്ടിയോടിച്ചത് അടിയന്തരാവസ്ഥാ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത് സഞ്ജയ് ഗാന്ധിയിലൊതുങ്ങുന്നതല്ലെന്ന് കോണ്‍ഗ്രസ് പലവട്ടം പിന്നീടും തെളിയിച്ചിട്ടുണ്ട്. കേരളം അതിദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെ പരിഹസിച്ചു നടന്ന കോണ്‍ഗ്രസുകാരുടെ സ്വന്തം സര്‍ക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്‌ലിം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോര്‍ക്കണം' എന്നാണ് വി കെ സനോജ് പറഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് യലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ മുന്നറിയിപ്പുകള്‍ ഇല്ലാതെ അധികൃതര്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് പാവങ്ങളുടെ വീടുകള്‍ തകര്‍ത്തത്. കര്‍ണാടക സര്‍ക്കാര്‍ 150ലധികം കുടുംബങ്ങളെയാണ് ഭവനരഹിതരാക്കിയത്. ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി കയ്യേറി കുടിലുകള്‍ സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊളിച്ചുനീക്കല്‍. ആവശ്യമായ രേഖകള്‍ പോലും എടുത്തുവെക്കാന്‍ അനുവദിക്കാതെയായിരുന്നു ഈ നടപടികള്‍.

Content Highlights: Even the last communist will raise his voice for the poor of the country: VK Sanoj

To advertise here,contact us