മറ്റത്തൂരിൽ വീണ്ടും ട്വിസ്റ്റ്? ബിജെപിയുമായുള്ള സഖ്യത്തിനില്ലെന്ന് രാജിവെച്ച രണ്ട് കോൺഗ്രസ് അംഗങ്ങൾ

മറ്റത്തൂരിലെ കൂറുമാറ്റത്തിനെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്

തൃശൂർ: മറ്റത്തൂരിലെ കൂറുമാറ്റ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്. ബിജെപിയുമായി ചേർന്നുള്ള ഭരണസമിതിയുമായി സഹകരിക്കാനാകില്ലെന്ന് രാജി വെച്ച രണ്ട് മുൻ കോൺഗ്രസ് അംഗങ്ങൾ അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വോട്ട് വാങ്ങിയ തങ്ങൾ എങ്ങനെ ബിജെപിയെ പിന്തുണയ്ക്കും എന്നതാണ് ഇവരുടെ ചോദ്യം. മറ്റത്തൂരിലെ പ്രാദേശിക നേതാക്കളുടെ താല്പര്യം മാത്രമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

രാജിക്ക് മുൻപായി ഡിസിസി ചർച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതായും അംഗങ്ങൾ പറഞ്ഞു. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തിനു വഴങ്ങി ബിജെപി പിന്തുണ സ്വീകരിക്കേണ്ടി വന്നു എന്നാണ് ന്യായീകരണം. അതേസമയം, മറ്റത്തൂരിലെ കൂറുമാറ്റത്തിനെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കോൺഗ്രസ് - ബിജെപി അവിശുദ്ധ ബന്ധം എന്ന പ്രചാരണം എൽഡിഎഫ് ശക്തമാകും. 'അനായാസേന ലയനം' എന്ന പേരിൽ ഇന്ന് മറ്റത്തൂരിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും.

യുഡിഎഫ് വിമതയ്ക്ക് വോട്ട് ചെയ്തത് കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അറിയാതെയായിരുന്നുവെന്ന് പഞ്ചായത്തംഗം അക്ഷയ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോളാണ് കൂട്ടുകെട്ടിനെക്കുറിച്ച് അറിയുന്നതെന്നും വര്‍ഗീയ ശക്തിയായ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് അക്ഷയ് പറഞ്ഞത്.

മറ്റത്തൂരിലെ വിവാദ കൂറുമാറ്റത്തിൽ പുറത്താക്കപ്പെട്ട അംഗങ്ങളും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയും ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപിയുമായി സഖ്യം ചേരാന്‍ പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞത് അറിയില്ലെന്നും ആരും ബിജെപിയില്‍ ചേരില്ലെന്നുമായിരുന്നു അംഗങ്ങള്‍ പറഞ്ഞത്. മുന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെയ്ക്കില്ല എന്നും ബിജെപിയുമായി സഹകരിച്ചുപോകുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍ വിശദീകരിച്ചിരുന്നു.

കോണ്‍ഗ്രസ് അംഗത്തെ വിലയ്‌ക്കെടുക്കാനുള്ള ഗൂഢതന്ത്രമാണ് മറ്റത്തൂരില്‍ കണ്ടതെന്നും ടി എം ചന്ദ്രൻ പറഞ്ഞിരുന്നു. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഡിസിസി അധ്യക്ഷന്‍ പച്ചക്കള്ളം പറയുകയാണ്. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെന്നുള്ളത് ശരിയല്ല. ഡിസിസി ചിഹ്നം നല്‍കിയ മൂന്ന് സ്ഥാനാര്‍ത്ഥികളും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണില്‍ മത്സരിച്ച ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത കെ ആര്‍ ഔസേപ്പിനെ സിപിഐഎം വിലയ്‌ക്കെടുക്കുകയായിരുന്നു. ഔസേപ്പ് കാലുമാറുമെന്ന് അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ടി എം ചന്ദ്രന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

മറ്റത്തൂരില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടുകയായിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെ പഞ്ചായത്ത് പ്രസിഡന്റായി പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

മറ്റത്തൂരിലെ ഈ 'കൂറുമാറ്റം' വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പാര്‍ട്ടി ഇവരെ പുറത്താക്കിയിരുന്നു. വിമതര്‍ അടക്കം പത്ത് പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

Content Highlights: difference of opinion on two former udf members at mattathur on bjp rule

To advertise here,contact us