പാലക്കാട്: ചിറ്റൂരില് കാണാതായ ആറ് വയസുകാരനായ സുഹാന് വേണ്ടിയുള്ള തിരച്ചില് പുരോഗമിക്കുന്നു. ഡോഗ് സ്ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തിരച്ചില്. എരുമങ്ങോട് പ്രദേശത്തുള്ള കുളങ്ങളില് പരിശോധന നടത്തും. ചിറ്റൂര്, അമ്പാട്ടുപാളയം മേഖലകളില് വ്യാപകമായ തിരച്ചില് നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഏഴ് മണിയോടെ അഗ്നിരക്ഷാസേനയുടെ തിരച്ചില് പുനരാരംഭിക്കും. ചിറ്റൂര് മേഖലയില് പൊലീസിന്റെ അന്വേഷണം ഊര്ജിതമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില് നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്ക്കൊപ്പം ഗ്രൗണ്ടില് പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനൊപ്പം പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന് വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
ഒടുവില് കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ പൊലീസില് അറിയിക്കുകയായിരുന്നു. തുടര്ന്ന് പൊലീസും ഡോഗ് സ്ക്വാഡും അഗ്നിരക്ഷാസേനയും പരിശോധന ആരംഭിക്കുകയായിരുന്നു. മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടുമെല്ലാം പൊലീസ് സുഹാനെ കുറിച്ച് അന്വേഷിച്ചിരുന്നു. സുഹാന് പോകാന് സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്കൂള് പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന് സാധിച്ചില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇന്നും തുടരും. ചിറ്റൂര് കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്.
Content Highlights: Palakkad 6 year old child missing case searching will be continue today