തർക്കം, പിണക്കം, കൂറുമാറ്റം; ഒടുവിൽ തദ്ദേശ ഭരണത്തിന്‍റെ ചിത്രം വ്യക്തമാകുന്നു, 532 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ്

സംസ്ഥാനത്തെ ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 532 എണ്ണം യുഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ 358 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാവുകയാണ്. അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങള്‍, കൂറുമാറ്റം, പിണക്കം, കയ്യബദ്ധങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ തെരഞ്ഞെടുപ്പും സാക്ഷിയായിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുന്നത്. സംസ്ഥാനത്തെ ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 532 എണ്ണം യുഡിഎഫിനൊപ്പമാണ്. 358 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎ 30 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണനിയന്ത്രണം സ്വന്തമാക്കി. സ്വതന്ത്രരും മറ്റുകക്ഷികളും ചേര്‍ന്ന് എട്ടിടത്താണ് അധികാരത്തിലെത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 513 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 376 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫുമായിരുന്നു അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കുകയായിരുന്നു. ഭരണവിരുദ്ധ വികാരവും സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് എല്‍ഡിഎഫിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. എന്നാല്‍ ഈ വിലയിരുത്തലുകൾ സിപിഐഎം തള്ളിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരമില്ലെങ്കിലും പ്രാദേശികമായി തിരിച്ചടിയായെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

ഇത്തവണ ബിജെപിക്ക് കൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 23 ഗ്രാമപഞ്ചായത്തുകളിലായിരുന്നു എൻഡിഎക്ക് അധികാരത്തിൽ എത്താനായത്. എന്നാല്‍ ഇത്തവണയാകുമ്പോഴേക്കും അത് 30ലേക്ക് എത്തി. ഗ്രാമ പഞ്ചായത്തിന് പുറമെ ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലുംം തിരുവനന്തപുരം കോര്‍പ്പറേഷനിലും അധികാരത്തിലെത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം കോണ്‍ഗ്രസ് പിന്തുണയോടെയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ ഒന്ന് പോലും ബിജെപിക്ക് സ്വന്തമാക്കാനായിരുന്നില്ല.

കേരളത്തില്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 938 എണ്ണത്തിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. തര്‍ക്കങ്ങള്‍ കാരണം എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. യുഡിഎഫിന് 511, എല്‍ഡിഎഫ് 343, എന്‍ഡിഎ 26 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഘട്ടത്തിൽ പഞ്ചായത്തുകളിൽ മുന്നണികളുടെ മുന്നേറ്റ ചിത്രം. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കണ്ടെത്താനാകാത്ത 59 പഞ്ചായത്തുകളുമുണ്ടായിരുന്നു. രണ്ട് വശത്തും അംഗങ്ങള്‍ തുല്യമായ ഇടങ്ങളില്‍ നറുക്കെടുപ്പ് നടത്തിയതും സ്വതന്ത്രരരും മറ്റ് കക്ഷികളിലുള്ളവരും മുന്നണികളോടൊപ്പം ചേര്‍ന്നതുമൊക്കെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ സംഭവിച്ച മാറ്റം.

തൃശ്ശൂര്‍ മറ്റത്തൂരിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും നാടകീയമായ അട്ടിമറി നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെയാണ് എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ചേര്‍ന്ന് പിന്തുണച്ചത്. അതേസമയം ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. യുഡിഎഫിന് എട്ട് അംഗങ്ങളും എല്‍ഡിഎഫിന് 10ഉം ബിജെപിക്ക് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

Content Highlight; Kerala Local Body Election 2025 Results: UDF Wins 532 Panchayats

To advertise here,contact us