ന്യൂഡല്ഹി: ശബരിമല സ്വര്ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന് സുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രൂക്ഷവിമര്ശനവുമായി എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ഈ കാട്ടാള സംസ്കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് കെ സി വേണുഗോപാല് ചോദിച്ചു.
കൊലക്കേസിലെയോ കൊള്ളക്കേസിലെയോ പ്രതികളെ പിടികൂടുന്നതുപോലെയാണ് സുബ്രഹ്മണ്യത്തിന്റെ വീട് പൊലീസ് വളഞ്ഞത്. ഒരാള്ക്കും വിമര്ശിക്കാന് കഴിയാത്ത ആളായി മുഖ്യമന്ത്രി മാറി. കേന്ദ്രത്തില് മോദിയും അമിത്ഷായും നടപ്പാക്കുന്നതിന്റെ കാര്ബണ് പതിപ്പാണ് മുഖ്യമന്ത്രി ഇവിടെ നടപ്പാക്കുന്നതെന്നും കെ സി വേണുഗോപാല് പറഞ്ഞു.
'നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന് ആരും എതിരല്ല. എന്നാല് ഈ കേസില് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്യുന്ന രീതി കണ്ടാല്, കൊലക്കേസിലെയോ കൊള്ളനടത്തിയ ആളുടെയോ വീടുപോലെ പൊലീസ് വളഞ്ഞു. എന്താണ് ഉദ്ദേശിക്കുന്നത്. ഈ കാട്ടാള സംസ്കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണ്. പൊലീസിനെ രാഷ്ട്രീയപ്രേരിതമായ കാര്യങ്ങള്ക്ക് ഉപയോഗിക്കുന്ന നടപടിയാണ് കേരളത്തില് നടക്കുന്നത്. നിയമം എല്ലാവര്ക്കും ബാധകമല്ലേ. സര്ക്കാരിന്റെ ഇരട്ടനീതിയാണ്. ഇതുകൊണ്ടൊന്നും സ്വര്ണക്കൊള്ള മറക്കില്ല', കെ സി വേണുഗോപാല് പറഞ്ഞു.
ഇന്ന് രാവിലെയാണ് സുബ്രഹ്മണ്യത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്എസ് 122 വകുപ്പുകള് പ്രകാരം ചേവായൂര് പൊലീസായിരുന്നു സുബ്രഹ്മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. പിണറായി വിജയനും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില് ഇത്രമേല് അഗാധമായ ബന്ധം ഉണ്ടാകാന് എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന് സുബ്രഹ്മണ്യന് ചിത്രം പങ്കുവെച്ചത്.
Content Highlights: K C Venugopal against LDF Government over n subramanian custody