കൊച്ചി: കര്ണാടകയില് മുന്നറിയിപ്പില്ലാതെ മുന്നൂറിലേറെ വീടുകള് ബുള്ഡോസറുപയോഗിച്ച് പൊളിച്ചുമാറ്റിയ സംഭവത്തില് കോണ്ഗ്രസിനെതിരെ രൂക്ഷവിമര്ശനവുമായി അഭിഭാഷകന് സി ഷുക്കൂര്. 1976ല് നിന്നും 2025 ഡിസംബറിലേക്ക് കലണ്ടര് മാറിയിട്ടും കോണ്ഗ്രസ് ഒരിഞ്ചുപോലും മാറിയിട്ടില്ലെന്നാണ് സി ഷുക്കൂര് പറയുന്നത്. 1976-ല് സഞ്ജയ് ഗാന്ധിയും കൂട്ടാളികളും തുര്ക്കുമാന് ഗെയ്റ്റില് നിന്ന് ആയിരക്കണക്കിന് മനുഷ്യരെ ആട്ടിയോടിച്ചതുപോലെ 2025-ല് സിദ്ധരാമയ്യ സര്ക്കാരിന് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള് പൂര്ണമായും അവഗണിച്ച് എങ്ങനെയാണ് ബുള്ഡോസര് രാജ് നടപ്പാക്കാന് കഴിയുന്നതെന്ന് ഷുക്കൂര് വക്കീല് ചോദിച്ചു. കുടിയിറക്കപ്പെട്ട മനുഷ്യരുടെ ജാതിയോ മതമോ അല്ല വിഷയമെന്നും അവര് മനുഷ്യരാണ് എന്നതാണ് നമ്മെ അലട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'കൊടും തണുപ്പില് മൂന്നുമാസം പ്രായമുളള കുട്ടി മുതല് എണ്പത് വയസുളള വൃദ്ധര് വരെ തണുത്ത് മരവിച്ച് ഉറച്ചുപോകട്ടെ. ഒരു മനുഷ്യാവകാശ പ്രവര്ത്തകരും കമ്മീഷനും അവരെ കാണില്ല. കാരണം അവര് വര്ത്തമാന ഇന്ത്യയില് മനുഷ്യരേ അല്ലല്ലോ. മനുഷ്യര്ക്കല്ലേ മനുഷ്യാവകാശം ബാധകമാകൂ. ഇവിടെ ഒരു സര്ക്കാര് 5 ലക്ഷം മനുഷ്യര്ക്ക് കയറി കിടക്കുവാന് വീട് വെച്ച് നല്കുമ്പോഴാണ് തൊട്ടപ്പുറത്ത് മനുഷ്യരെ വീട്ടില് നിന്നും ആട്ടിപ്പായിച്ച് മറ്റൊരു സര്ക്കാര് തെരുവിലേക്ക് തളളുന്നത്. ഇടതുബദല് ഒരിക്കല്ക്കൂടി മനുഷ്യരിലേക്ക് അടുക്കുന്നു': സി ഷുക്കൂര് ഫേസ്ബുക്കില് കുറിച്ചു.
സി ഷുക്കൂറിന്റെ കുറിപ്പിന്റെ പൂര്ണരൂപം
പണ്ട്,
ബാബ്റി പള്ളി പൊളിക്കുന്നതിനും സിക്ക് കൂട്ട കൊല നടക്കുന്നതിനും മുമ്പ് നമ്മുടെ രാജ്യത്ത് ഒരു അടിയന്തിരാവസ്ഥ ഉണ്ടായിരുന്നു. ആ കാല ഘട്ടത്തിൽ ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയും അയാളുടെ കൂട്ടാളികളായ കിഷൻ ചന്ദും പിന്നെ ബിജെപിയുടെ കയ്യാളായി മാറിയ ജഗ്മോഹനനും ചേർന്നു പോലീസിനെയും CRP ഭടന്മാരും ബുൽഡോസ്റും ദില്ലി തുർക്കുമാൻ ഗെയ്റ്റിൽ നിന്നും ജീവിച്ചിരുന്ന സാധാരണ മനുഷ്യരെ ,ആയിര കണക്കിനു മനുഷ്യരെ ആട്ടിയോടിച്ചു അവരുടെ കിടപ്പാടങ്ങൾ മുഴുവൻ ഇരച്ചു നിരത്തി , എതിർക്കുവാൻ വന്നവർക്ക് നേരെ വെടി ഉതിർത്തു. പലരും മരിച്ചു . മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടു പോലും നടത്തിയില്ല. ആ സംഭവം നടക്കുന്നത് 1976 ഏപ്രിൽ മാസം. അന്നു രാജ്യത്ത് വാർത്തകൾക്ക് സെൻസറിംഗ് ആണ് ആരും കാര്യങ്ങൾ അറിഞ്ഞില്ല.
എന്നിട്ടും അന്നത്തെ കാശ്മീർ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ല കാശ്മീരിൽ നിന്നും അവിടേക്ക് വന്നു , അന്നത്തെ ദില്ലി ഇമാം അബ്ദുല്ല ബുഖാരി അവിടേക്ക് വന്നു , അന്നത്തെ രാഷ്ട്രപതി ഫഖറുദ്ദീൻ അലി അഹ്മദിൻ്റെ ഭാര്യയും അവിടേക്ക് വന്നു. തുർക്ക് മാൻ ഗേറ്റ് പൂർണ്ണമായും തകർത്തു. ആയിര കണക്കിനു മനുഷ്യർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു . നൂറു വർഷം പഴക്കമുള്ള വീടുകൾ പോലും ആ തകർത്ത കെട്ടിടങ്ങളിൽ ഉണ്ടായിരുന്നു . ആ ദുരിതത്തിൽ പെട്ടവരോട് ഐക്യപ്പെടുവാൻ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു..
1976 ൽ മനുഷ്യർ ഇത്രമേൽ connected അല്ല , മനുഷ്യവകാശങ്ങൾ ഗൗരവമായി ലോകം കാണുന്ന സാഹചര്യമല്ല, പാർപ്പിടം അടിസ്ഥാന വിഷയമായി ഗൗരവത്തിൽ ചർച്ച ചെയ്യുന്ന ഒരു പൗര സമൂഹമായി നമ്മൾ വളർന്നിട്ടില്ല.. സുപ്രിം കോടതി പോലും ഇന്ദിരാ ഗാന്ധിയുടെ പക്ഷം ചേർന്നു മൗലിക അവകാശങ്ങൾ എടുത്തു കളയുവാൻ പച്ച കൊടി വീശിയ കാലം..
ഇന്നു , 2025 ൽ കർണാടകയിലെ സിദ്ധാരമയ്യ സർക്കാറിനു മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ പൂർണ്ണമായും അവഗണിച്ചു എങ്ങിനെയാണ് ബുൾഡോസർ രാജ് നടപ്പാക്കുവാൻ തയ്യാറായത്? ആ കുടിയിറക്കപ്പെട്ട മനുഷ്യരുടെ മതമോ ജാതിയോ അല്ല വിഷയം , അവർ മനുഷ്യരാണ് എന്നതാണ് നമ്മെ അലട്ടേണ്ടത് . 1948 ലെ മനുഷ്യവകാശ പ്രഖ്യാപനം നമ്മുടെ മുന്നിൽ ഉണ്ട്. ആ ചേരികൾ നശിപ്പിക്കണമെങ്കിൽ , അത്രയും മനുഷ്യർക്ക് താമസത്തിനുള്ള ബദൽ സംവിധാനം ഒരുക്കുവാൻ സർക്കാർ തയ്യാറാകണം, അവരെ കൂടി വിശ്വാസത്തിലെടുത്തു വേണമായിരുന്നു ചേരി നിർമ്മാർജനം. ഇതു അക്രമണമാണ് . മനുഷ്യവകാശ ലംഘനം . ഭരണ കൂട ഭീകരത.
ഇവിടെയാണ് കേരള ബദൽ നമുക്ക് മാതൃകയാകുന്നത്. കോഴിക്കോട് പാളയം മാർക്കറ്റ് മാറ്റി സ്ഥാപിച്ച സ്ഥലത്ത് ജീവിച്ചിരുന്ന മുഴുവൻ കുടുംബങ്ങൾക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കി , അതോടൊപ്പം അവരെ കൂടി വിശ്വാസത്തിലെടുത്താണ് പാളയം മാർക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റിയത്.
ബംഗ്ലൂരിൽ അന്തരീക്ഷ ഊഷ്മാവ് 15 ഡിഗ്രി സെൽഷ്യസിനും താഴെയാണ്. ആ തണുപ്പിലേക്കാണ് ഒരു ഭരണ കൂടം ആ നാട്ടിലെ മനുഷ്യരെ തള്ളിയിട്ടിരിക്കുന്നത്. ഇന്നു ഷെയ്ഖ് അബ്ദുല്ലേ ജീവിച്ചിരിപ്പില്ല, ദില്ലി ഇമാം അബ്ദുല്ല ബുഖാരിയും ഇല്ല. ഫഖറുദ്ദീൻ അലി അഹ്മദിൻ്റെ ഭാര്യയും അങ്ങോട്ട് ചെല്ലാനില്ല.
അവസാന ബസ്സിലെ ഡ്രൈവർ രാഹൂൽ ഗാന്ധിയും കണ്ടക്ടർ പ്രിയങ്ക ഗാന്ധിയും തൽക്കാലം ബംഗ്ലൂർ വഴി യാത്ര ചെയ്യുന്നുമില്ല..
ഈ കൊടും തണുപ്പിൽ മൂന്നു മാസം പ്രായമുള്ള കുട്ടി മുതൽ എൻപത് വയസ്സുള്ള വൃദ്ധർ വരെ തണുത്തു മരവിച്ചു ഉറച്ചു പോകട്ടെ , ഒരു മനുഷ്യവകാശ പ്രവർത്തകരും കമ്മീഷനും അവരെ കാണില്ല, കാരണം അവർ വർത്തമാന ഇന്ത്യയിൽ മനുഷ്യരേ അല്ലല്ലോ ! മനുഷ്യർക്കെല്ലെ മനുഷ്യവകാശം ബാധകമാകൂ..
ഇവിടെ ഒരു സർക്കാർ 5 ലക്ഷം മനുഷ്യർക്ക് കയറി കിടക്കുവാൻ വീടു നൽകുമ്പോഴാണ് തൊട്ടപ്പുറത്ത് മനുഷ്യരെ വീട്ടിൽ നിന്നും ആട്ടിപ്പായിച്ച് മറ്റൊരു സർക്കാർ തെരുവിലേക്ക് തള്ളുന്നത്..
തെരുവിലേക്ക് തള്ളപ്പെടുന്ന മനുഷ്യരുടെ മതം ചികയല്ലേ,
അവരെ ഈ രാജ്യത്തെ മനുഷ്യരായി മാത്രം കണ്ട് നീതി നൽകിയാൽ മതി.
ഇടതു ബദൽ ഒരിക്കൽ കൂടി മന്ഷ്യരിലേക്ക് അടുക്കുന്നു..
1976 ഏപ്രിലിൽ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടർ മാറിയിട്ടും
കോൺഗ്രസ്സ് ഒരിഞ്ചു മാറിയിട്ടില്ല.
Content Highlights: C Shukkur Vakkeel Strongly Reacts To Demolition In Bengaluru: This Is A Wrong Trend